'പാര്‍ട്ടിക്ക് ഹാനികരമാകുന്നതിന് കൂട്ടുനില്‍ക്കില്ല'; ആവശ്യമെങ്കില്‍ മാറി നില്‍ക്കുമെന്ന് കെ. സുധാകരന്‍; ചങ്ക് കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ്

'പാര്‍ട്ടിക്ക് ഹാനികരമാകുന്നതിന് കൂട്ടുനില്‍ക്കില്ല'; ആവശ്യമെങ്കില്‍ മാറി നില്‍ക്കുമെന്ന് കെ. സുധാകരന്‍; ചങ്ക് കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുമെന്ന് കെ. സുധാകരന്‍. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കെ. സുധാകരന്റെ പ്രതികരണം. കേസില്‍ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ. സുധാകരനെ ഹൈക്കോടതി നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

പാര്‍ട്ടിക്കു ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണെന്ന ആത്മവിശ്വാസവും ഉണ്ട്. കേസിനെ നേരിടാന്‍ ഒരു മടിയും ഇല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇന്നലെ വൈകിട്ട് സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തനിക്കെതിരെ പൊലീസിന്റെ പക്കല്‍ ഒരു തെളിവുമില്ലെന്നു ജാമ്യം ലഭിച്ച ശേഷം സുധാകരന്‍ പ്രതികരിച്ചിരുന്നു.

'കേസ് നടക്കട്ടെ. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഞാന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എവിടെയും ഒളിക്കില്ല. നല്ല ആത്മവിശ്വാസവുമുണ്ട്. എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ല. ചോദ്യം ചെയ്യലിനു ശേഷമാണ് അക്കാര്യം മനസിലായത്. ഏത് പ്രതിസന്ധിയേയും നേരിടും. ആശങ്കയും ഭയപ്പാടുമില്ല'- സുധാകരന്‍ വ്യക്തമാക്കി.

അതേസമയം സുധാകരന്‍ മാറിനില്‍ക്കാമെന്ന് പറഞ്ഞാലും പാര്‍ട്ടി സമ്മതിക്കില്ലെന്നും ചതിച്ച് ജയിലിലടയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്ന് കുത്തില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഇതോടെ മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ കെ. സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുമോ എന്ന സംശയത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായി തള്ളിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെ. സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോള്‍ ലഭിച്ചത് കേസിന്റെ ആദ്യഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണ്. ആര് മൊഴി നല്‍കിയാലും കേസെടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എങ്കില്‍പ്പിന്നെ സ്വപ്നയുടെ ആരോപണത്തില്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് സര്‍ക്കാരിന്റെ വൈരാഗ്യ ബുദ്ധിയാണ് തെളിയിക്കുന്നത്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ട്. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്ന് കുത്തില്ല. ഈ കേസിന്റെ പേരില്‍ സുധാകരന്‍ മാറിനില്‍ക്കേണ്ട ആവശ്യവുമില്ല. സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അത് സമ്മതിക്കില്ല. ചങ്ക് കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.