കേരളം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും തെരുവുനായ്ക്കളുടെ നാട്ടിലേക്കോ

കേരളം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും തെരുവുനായ്ക്കളുടെ നാട്ടിലേക്കോ

കൊച്ചി: കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവ് നായുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ മരിച്ചസംഭവം കേരളത്തെ മുഴുവൻ ഏറെ നൊമ്പരപ്പെടുത്തുന്നതായി.സുപ്രീംകോടതി പോലും ദൗർഭാഗ്യകരമെന്ന് ഈ ദാരുണ സംഭവത്തെ പരാമർശിച്ചിരിക്കുന്നു.തെരുവുനായ വന്ധ്യംകരണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ തുടരുമ്പോള്‍ സംസ്ഥാനത്ത് നായ കടിയേല്‍ക്കുന്നവരുടെ എണ്ണംകൂടുകയാണ്. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തോളം പേർക്കാണ് കടിയേറ്റത്. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴ് പേരാണ്. അനിഷ്ട സംഭവമുണ്ടായാൽ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും അത് കഴിയുമ്പോൾ എല്ലാം മറക്കുകയും ചെയ്യുന്ന പതിവാണ് കേരളത്തിലുള്ളത്.

ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാൻ കേന്ദ്രനിയമം അനുവദിക്കുന്നില്ല.തെരുവുനായ് ശല്യം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുകയെന്നത് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം ഇപ്പോൾ ഏറെ ബുദ്ധിമുട്ടാണ്.

കേരളം തെരുവുനായ്ക്കളുടെ മാത്രം നാടോ?

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ആശങ്കയുയർത്തുന്ന സാഹചര്യമാണ് നിലവിൽ കേരളം നേരിടുന്നത്.ഈ കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്.

കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു.എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, തെരുവ് നായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ദ്യശ്യമാണ്.

കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാൽ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തിൽ പോലും തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ ഇന്ന് നിലവിലില്ല. പ്രവർത്തനങ്ങൾ തുടങ്ങിയ പല മേഖലകളിലും പല കാരണങ്ങളാൽ പദ്ധതികൾ പാതി വഴിയിൽ മുടങ്ങുന്നതും പതിവാണ്. പദ്ധതികൾ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാലപദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത്.

നെതർലൻന്റ് മാതൃക

ലോകമെമ്പാടും 20 കോടിയിലധികം തെരുവുനായകളുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്കിൽ പറയുന്നത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയുടെ എണ്ണം കൂടുതൽ. ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് തെരുവ് നായകളുണ്ട്. ഇവയെ നിയന്ത്രിക്കുക എന്നത് നമ്മളെ പോലെ തന്നെ എല്ലാ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. ലോകത്ത് ഒരു തെരുവ് നായ പോലും ഇല്ലാത്ത രാജ്യമാണ് നെതർലൻന്റ്. 2022 ജൂലൈയിലാണ് ഒരു തെരുവുനായ പോലുമില്ലാത്ത രാജ്യമായി നെതർലൻന്റ് മാറിയത്.

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സീൻ നൽകുകയായിരുന്നു ദേശവ്യാപകമായി നെതർലൻന്റ് സർക്കാർ ചെയ്തത്. ഇവയെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റി. ഡോഗ് ഷെൽട്ടറുകളിൽ നിന്ന് അനാഥ നായ്ക്കളെ ഏറ്റെടുക്കാൻ ജനങ്ങളോട് ആഹ്വാനവും നൽകി. ഇങ്ങനെ ഏറ്റെടുക്കുന്നവർക്ക് നികുതിയിളവ് നൽകാൻ നെതർലൻന്റ് നഗരസഭകളും തയാറായി. അലഞ്ഞുതിരിയുന്ന നായ്ക്കളെയും മറ്റും കണ്ടെത്താനും അവയെ ഏറ്റെടുത്തു സംരക്ഷിക്കാനും അനിമൽ പൊലീസ് ഫോഴ്സിനും സർക്കാർ രൂപം നൽകി.

നിലവിൽ നെതർലൻന്റ് ജനസംഖ്യയിൽ അഞ്ചിലൊരാളും ഇത്തരത്തിൽ അനാഥ നായ്ക്കളെ ദത്തെടുത്തിട്ടുള്ളവരാണെന്ന് കണക്കുകൾ പറയുന്നു. കേരളത്തിലും ചില നഗരങ്ങളിൽ തെരുവ് നായകളെയും ഉടമകൾ ഉപേക്ഷിച്ച നായകളെയും ദത്തെടുക്കാനുള്ള ക്യാമ്പുകൾ നടത്തിയിരുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, തെരുവ് നായകൾക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ അവയെ സംരക്ഷിക്കാൻപോലും തയ്യാറാകുന്നില്ല.

കേരള സർക്കാർ നടപടികൾ ഫലപ്രദമോ?

തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേരള സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കാത്തുകൊണ്ടാണ് ആളുകൾക്ക് കടിയേൽക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീകൾ മുഖേന നടത്തിക്കൊണ്ടിരുന്ന വന്ധ്യംകരണ പദ്ധതികൾ നിലച്ചിരിക്കുകയാണ്. തെരുവ്നായകളു‌ടെ വന്ധ്യംകരണ പദ്ധതിയിലൂടെ മാത്രമേ സമൂഹം നേരിടുന്ന ഇൗ വെല്ലുവിളിയെ നേരിടാനാകൂവെന്നാണ് വിദഗ്ദ്ധാഭിപ്രായം. തെരുവ് നായ വന്ധ്യംകരണം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് നടപ്പാക്കാവുന്നതല്ല. രണ്ട് വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന ദീർഘകാല പദ്ധതിയാണ് നടപ്പാക്കേണ്ടത്. എഴുപത് ശതമാനത്തിലേറെ നായകളെ വന്ധ്യംകരിച്ചാൽ മാത്രമേ തെരുവ് നായ ശല്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയൂവെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.

തെരുവ് നായ ശല്യം വിപത്തായി പരിഗണിച്ച് അവയുടെ പ്രജനനം തടയുന്നതിന് സ്ഥിരം സംവിധാനം ആവശ്യമാണ്. ദീർഘകാല പദ്ധതിയായി കണ്ട് തെരുവ് നായകളെ പി‌ടിക്കാനും വന്ധ്യംകരണം നടത്താനും ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.ഏഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കുവാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. വന്ധ്യംകരണം നടത്തുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവെയ്പും നൽകണം. ഈയിടെ സമ്പൂർണ്ണ പേവിഷവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഗോവയുടെ പ്രതിരോധ മാതൃകയിൽ ഇത് വ്യക്തമാണ്. പക്ഷേ ഈ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെയും മുടക്കമില്ലാതെയും നടപ്പിലാക്കണമെങ്കിൽ കൃത്യമായ സംവിധാനങ്ങളും സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വേണം.

നമ്മുടെ രാജ്യത്ത് നിയമങ്ങളുടെയോ പദ്ധതികളുടെയോ അഭാവമല്ല, പദ്ധതികൾ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിൽ സർക്കാരും ഉദ്യോഗസ്ഥവൃന്ദവും പുലർത്തുന്ന കുറ്റകരമായ ഉദാസീനതയാണ് പ്രധാന പ്രശ്‌നം. ദേശീയ അനിമൽ വെൽഫെയർ ബോർഡ് മുതൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വരെയുള്ള സംവിധാനങ്ങൾ വേണ്ടത്ര ഏകോപനമില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ടാണ് പദ്ധതികൾ ഫലപ്രാപ്തിയിലെത്താതെ പോകുന്നത്.

ദീർഘവീക്ഷണമുള്ള നടപടികൾ ആവശ്യമാണ്

തെരുവ് നായ്ക്കളുടെ പെരുപ്പവും പേവിഷബാധയും സംസ്ഥാനം നേരിടുന്ന വലിയ പൊതുജനാരോഗ്യവെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയെ എല്ലാം ഉൾപ്പെടുത്തി ഒരു ആരോഗ്യമിഷൻ തന്നെ ഈ വിഷയത്തിൽ സർക്കാരിന് രൂപീകരിക്കാവുന്നതാണ്.  

നായ്ക്കളെയും പൂച്ചകളെയും അരുമകളായി പരിപാലിക്കുന്നവർക്ക് അവയുടെ പ്രജനനത്തിൽ താല്പര്യം ഇല്ലെങ്കിൽ അരുമകൾക്ക് ആറുമാസം പ്രായമെത്തുമ്പോൾ അവയുടെ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കണം. പലപ്പോഴും ഉടമകൾക്ക് താല്പര്യമില്ലാതെ ജനിക്കുന്ന നായ്ക്കുഞ്ഞുങ്ങളാണ് പിന്നീട് തെരുവ് നായ്ക്കളായി മാറുന്നത്. പെറ്റ് ആനിമൽ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്രനിയമങ്ങൾ കർശനമായ രീതിയിൽ സംസ്ഥാനത്ത് നടപ്പിലാക്കണം. പെട്ടെന്ന് ഒരു സുപ്രഭാതത്തിലുണ്ടാവുന്ന മാറ്റമല്ല, മറിച്ച് രണ്ടോ മൂന്നോ വർഷം കഴിഞ്ഞുണ്ടാവുന്ന ഗുണകരമായ മാറ്റം മുന്നിൽ കണ്ടുള്ള ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.

തെരുവുനായ പ്രശ്നം കേരളത്തിലെയോ പൊതുവായി ഇൻഡ്യയിലെയോ മാത്രം വിതർക്കവിഷയം അല്ല. പക്ഷേ മറ്റ് രാജ്യങ്ങളിൽ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട്, രക്ഷാകേന്ദ്രങ്ങൾ ഉൾപ്പടെ മിച്ചഭക്ഷണം തെരുവിലല്ല എത്തുന്നത്. മാലിന്യനിർമ്മാർജ്ജനത്തിനു പോളിസി ഇല്ലാത്ത ഭരണസംവിധാനമുള്ള കേരളത്തിലെ തെരുവുനായ്ക്കൾ അപകടകാരികളാണ്.

കാര്യക്ഷമമായ, പാതിവഴിയിൽ നിലച്ചുപോവാത്ത തെരുവുനായ്ക്കളുടെ ആനിമൽ ബർത്ത് കണ്ട്രോൾ (എ. ബി. സി.) – ആന്റി റാബീസ് വാക്സിനേഷൻ (എ. ആർ.) പദ്ധതിയാണ് കേരളത്തിന് ഇനി വേണ്ടത്. ഇതിനായുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പതിറ്റാണ്ടുകൾക്ക് മുന്നേ നിലവിലുണ്ടെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അവ നടപ്പാക്കുന്നതിൽ കാണിച്ച അതീവ ഉദാസീനതയാണ് ഇന്ന് കേരളത്തെ പേപ്പട്ടിപല്ലിൽ കുരുക്കിയതെന്ന് നാം തിരിച്ചറിയണം. കാര്യക്ഷമമായ എ. ബി. സി.-എ. ആർ. പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സമഗ്ര ആരോഗ്യ മിഷൻ തന്നെ സർക്കാറിന് വിഭാവനം ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.