പൗരന്മാര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ചുമതലയുണ്ട്: മാര്‍ ജോസഫ് പെരുന്തോട്ടം

പൗരന്മാര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ചുമതലയുണ്ട്: മാര്‍ ജോസഫ് പെരുന്തോട്ടം

മണിപ്പുരില്‍ ഭരണകൂട പിന്തുണയോടെയുള്ള ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അമ്പത് ദിവസമായി തുടരുന്ന കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ചങ്ങനാശേരി പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിൽ പങ്കുചേരുന്നു. 


ചങ്ങനാശേരി: പൗരന്മാരുടെ ജീവനും സ്വത്തിനും ഭരണഘടന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അത് നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ചുമതലയുണ്ടെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മൗനം വെടിഞ്ഞ് മണിപ്പുര്‍ കലാപത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. 

മണിപ്പുരില്‍ ഭരണകൂട പിന്തുണയോടെയുള്ള ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അമ്പത് ദിവസമായി തുടരുന്ന കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന സമ്മേളത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പെരുന്തോട്ടം. 

കോട്ടയം യാക്കോബായ ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മോര്‍ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജര്‍മനിയിലും ശ്രീലങ്കയിലും റുവാണ്ടയിലും നടന്ന വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് മണിപ്പൂര്‍ കലാപമെന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള മൗന പിന്തുണ മണിപ്പൂര്‍ കലാപത്തിനുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 


അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡൊമനിക് ജോസഫ് വഴിപറമ്പില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപതാ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിരൂപതയുടെ വിവിധ ഫൊറോനകളില്‍ നിന്ന് പ്രാര്‍ത്ഥനാ റാലിയായി വിശ്വാസി സമൂഹം പാറേല്‍ പള്ളിയിലേക്ക് ഒഴുകിയെത്തി. സമ്മേളനത്തോടനുബന്ധിച്ച് സമാധാന പ്രാര്‍ത്ഥന നടന്നു. കലാപം നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കാനായി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണവും നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.