കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന്റെ കൂട്ടുപ്രതി മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി. രാജ് പിടിയില്‍. മാലിദ്വീപില്‍ നിന്ന് എത്തിയപ്പോള്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാലിദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അബിന്‍ സി. രാജ്. നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിന്‍ രാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. ഇയാളെ നാട്ടിലെത്തിക്കാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് പിടിയിലായത്. അബിനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു.
നിഖില്‍ എസ്എഫ്‌ഐ കായംകുളം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂര്‍ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു. പിന്നീട് അധ്യാപകനായി ജോലി ലഭിച്ച ശേഷം മാലി ദ്വീപിലേക്ക് പോയി. ഇയാളുടെ അമ്മയും മാലി ദ്വീപിലാണ് ജോലി ചെയ്യുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബുദ്ധി കേന്ദ്രം അബിനാണെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സി നടത്തിയിരുന്നു. ഇതോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളും അബിന്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.
അബിനാണ് തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അബിന്‍ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപ നല്‍കിയതായുമാണ് നിഖില്‍ വ്യക്തമാക്കിയത്.
അബിനെ ചോദ്യം ചെയ്യുന്നതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. നിഖില്‍ തോമസിനെ ചോദ്യം ചെയ്തതിലൂടെയും വീട്ടില്‍ നടത്തിയ പരിശോധനയിലുമാണ് അബിന്‍ രാജുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.