കത്തിക്കയറി തക്കാളി വില: കിലോയ്ക്ക് 120 രൂപ

കത്തിക്കയറി തക്കാളി വില: കിലോയ്ക്ക് 120 രൂപ

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. ഒരു ദിവസം കൊണ്ട് 60 രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപയായി. ചില്ലറ വില 125 രൂപ വരെയായി ഉയരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ 60 മുതല്‍ എഴുപത് രൂപവരെയായിരുന്നു തക്കാളിയുടെ മൊത്തവില. ഇതാണ് ഒറ്റ ദിവസം കൊണ്ട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ ആയിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന നഗരങ്ങളിലെല്ലാം തക്കാളി വില നൂറിലധികമാണ്. കഴിഞ്ഞ മാസം പത്ത് രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വില 90 രൂപയിലധികമാണ്. കാണ്‍പൂരില്‍ തക്കാളിയുടെ വില 100 കിലോയായി ഉയര്‍ന്നു. ബംഗളൂരുവില്‍ കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളി വില ഈ ആഴ്ച 100 രൂപയായി ഉയര്‍ന്നു.

ആന്ധ്രയിലെ കര്‍ണൂല്‍, ചിറ്റൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന കിലോഗ്രാമിന് നൂറ് രൂപയായി. ഇവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ തക്കാളി എത്തുന്നത്. മൊത്ത വ്യാപാര വിപണികളിലേക്ക് വരവ് കുറഞ്ഞതാണ് വിലയില്‍ അസാധാരണ വര്‍ധന സൃഷ്ടിച്ചത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മൊത്ത വ്യാപാര മാര്‍ക്കറ്റില്‍ പോലും ഏതാനും ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്നാണ് വിവരം.

വിളവ് കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതും വന്‍ തിരിച്ചടിയായി. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. വില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.