സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തി മന്ത്രിസഭാ യോഗം

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതി വരുത്തി.

ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ അവയില്‍ ഏതിലെങ്കിലും നിയമത്തില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്ന് മുതലുള്ള പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.

സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.

ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡീഷയല്‍ മജിസ്ട്രേറ്റുമാര്‍ക്കും അനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിന് ക്രിമിനല്‍ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും ക്യാബിനറ്റ് അംഗീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.