ന്യൂഡല്‍ഹി: നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി 2020 ജനുവരി ഒന്നിനും 2023 മെയ് 15 നും ഇടയിലുള്ള കാലയളവില്‍ 22,57,808 പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേ കാലയളവില്‍ 43,022 എഫ്ഐആറുകള്‍ മാത്രമാണ് (1.9 ശതമാനം) സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വിവരാവകാശ നിയമ പ്രകാരമുള്ള (ആര്‍ടിഐ) ചോദ്യത്തിന് ഉത്തരമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ല്‍ ആരംഭിച്ച ഈ പോര്‍ട്ടല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റാണ്. പരാതികള്‍ പരിശോധിച്ച് ആവശ്യമായ അന്വേഷണങ്ങള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവ കൈമാറുകയും ചെയ്യും.
സൈബര്‍ ക്രൈം പരാതികള്‍ ഓണ്‍ലൈനായി അറിയിക്കാന്‍ ഇരകളെയും പരാതിക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പോര്‍ട്ടല്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ ചൈല്‍ഡ് പോണോഗ്രാഫി, ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (സിഎസ്എഎം), ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍, മൊബൈല്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, റാന്‍സംവെയര്‍, ഹാക്കിങ്, ക്രിപ്റ്റോകറന്‍സി കുറ്റകൃത്യങ്ങള്‍, എന്നിവയുമായൊക്കെ ബന്ധപ്പെട്ട പരാതികള്‍ ഈ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം.
2020 ജനുവരി ഒന്നിനും 2023 മെയ് 15 നും ഇടയില്‍ ഓണ്‍ലൈന്‍ ചൈല്‍ഡ് പോണോഗ്രഫി, ബലാത്സംഗം, കൂട്ടബലാത്സംഗം മുതലായവയുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നീ വിഭാഗങ്ങളിലായി ആകെ 1,58,190 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സംസ്ഥാനങ്ങള്‍ ആകെ 154 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത് (0.09 ശതമാനം). പശ്ചിമ ബംഗാളില്‍ (67,082) നിന്നാണ് ഈ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
തമിഴ്‌നാട് (12,785), മഹാരാഷ്ട്ര (10,878) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഇതില്‍ പശ്ചിമ ബംഗാള്‍ പതിമൂന്നും തമിഴ്‌നാട് മൂന്നും മഹാരാഷ്ട്ര ഒന്‍പതും എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. മൂന്നു വര്‍ഷത്തിനിടെ സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച 20,99,618 പരാതികളാണ് പോര്‍ട്ടല്‍ വഴി ലഭിച്ചത്.
ഇതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ 42,868 കേസുകളില്‍ (2 ശതമാനം) എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ് (3,84,942). തൊട്ടുപിന്നില്‍ ഡല്‍ഹി (2,16,739), മഹാരാഷ്ട്ര (1,95,409) എന്നീ സംസ്ഥാനങ്ങളും ഉണ്ട്. ഈ സംസ്ഥാനങ്ങളെല്ലാം ഈ വിഭാഗത്തില്‍ ഫയല്‍ ചെയ്ത എഫ്ഐആറുകളുടെ എണ്ണം രണ്ടു ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ തെലങ്കാനയില്‍ ഈ വിഭാഗത്തില്‍ 17 ശതമാനം എഫ്ഐആറുകളുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ആര്‍ടിഐ ആക്ടിവിസ്റ്റും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യങ് വിസില്‍ബ്ലോവേഴ്സ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ജിതേന്ദ്ര ഗാഡ്ഗെയാണ് വിവരാവകാശ നിയമപ്രകാരമുള്ള റിപ്പോര്‍ട്ട് തേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.