സമുദ്രത്തിനടിയില്‍ നിന്ന് കണ്ടെടുത്ത ടൈറ്റന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളുമെന്ന് റിപ്പോര്‍ട്ട്

സമുദ്രത്തിനടിയില്‍ നിന്ന് കണ്ടെടുത്ത ടൈറ്റന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് കരുതുന്നതായി യു.എസ് കോസ്റ്റ് ഗാര്‍ഡ്.

മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് കരുതുന്നവ അമേരിക്കന്‍ മെഡിക്കല്‍ സംഘം പരിശോധിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ബുധനാഴ്ച കാനഡയില്‍ എത്തിച്ച ടൈറ്റന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂടുതല്‍ പരിശോധനകള്‍ക്കായി യു.എസ് കോസ്റ്റ് ഗാര്‍ഡ് ശേഖരിക്കും.

കടല്‍ത്തട്ടില്‍ നിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ശരീര ഭാഗങ്ങള്‍ എന്ന് കരുതുന്നവ കണ്ടെടുത്തിട്ടുള്ളത്. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ എന്ന ജലപേടകം തകര്‍ന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്.

ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്ഥാന്‍ വ്യവസായി ഷഹ്സാദാ ദാവൂദ്, മകന്‍ സുലെമാന്‍, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്.

സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിച്ചിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ മര്‍ദത്തെ തുടര്‍ന്ന് ടൈറ്റന്‍ ഞെരിഞ്ഞമര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് അനുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.