ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപത മെത്രാനായി മലയാളിയായ ഫാ. ബെന്നി വര്‍ഗീസ് ഇടതട്ടേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇറ്റാനഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനാണ്. നിലവിലെ മെത്രാനായ ജോണ്‍ തോമസ് കാട്ടരുകുടിയില്‍ 75 വയസ്സ് തികഞ്ഞതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഫാ. ബെന്നി വര്‍ഗീസിന്റെ നിയമനം.
അസമിലെ തേസ്പൂര്‍ രൂപത വിഭജിച്ച് 2005 ലാണ് ഇറ്റാനഗര്‍ രൂപത സ്ഥാപിച്ചത്. ചൈനീസ് അതിര്‍ത്തി മുതല്‍ ഭൂട്ടാന്‍ അതിര്‍ത്തി വരെ വ്യാപിച്ചു കിടക്കുന്ന 10 ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ഇറ്റാനഗര്‍ രൂപത. നിലവില്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റീജണല്‍ ബിഷപ്പ്സ് കൗണ്‍സിലിന്റെ മതബോധന കമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് നിയുക്ത മെത്രാന്‍.
ഫാ.ബെന്നി വര്‍ഗീസ് എടത്തട്ടേല്‍ 1970 ഏപ്രില്‍ 22 ന് കോതമംഗലത്തെ ഞായപ്പിള്ളിയിലാണ് ജനിച്ചത്. ദിമാപൂരിലെ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ പഠിച്ച ഫാ. ബെന്നി വര്‍ഗീസ് പിന്നീട് ദിമാപൂരിലെ സലേഷ്യന്‍ കോളജില്‍ തത്വശാസ്ത്രവും ഷില്ലോങ്ങിലെ ഓറിയന്‍സ് തിയോളജിക്കല്‍ കോളജില്‍ ദൈവ ശാസ്ത്രവും പഠിച്ചു. 1999 ഏപ്രില്‍ 19 ന് കൊഹിമ രൂപതയ്ക്കായി വൈദികനായി അഭിഷിക്തനായി.
മനില ഈസ്റ്റ് ഏഷ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌മോള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ സ്‌പെഷ്യലൈസേഷനുള്ള പാസ്റ്ററല്‍ മിനിസ്ട്രിയിലെ ഡിപ്ലോമയ്ക്കും പാസ്റ്ററല്‍ തിയോളജിയിലെ മാസ്റ്റര്‍ പഠനങ്ങളും പൂര്‍ത്തിയാക്കി. ഗുവാഹത്തി സര്‍വകലാശാലയില്‍ (2008-2010) മാസ്റ്റര്‍ ഇന്‍ ഹിസ്റ്ററിക്കുള്ള പഠനവും, അസമിലെ മിര്‍സ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജില്‍ നിന്നും (2012-2013) ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷനും നേടി.
നിയുക്ത മെത്രാന്‍ പല ഓഫീസുകളുടെ ചുതല നിര്‍വഹിക്കുകയും വിവിധ വിഷങ്ങളില്‍ തുടര്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തു. സെന്റ് തോമസ് ഇടവക സഹ വൈദികന്‍, ട്യൂണ്‍സാങിലെ സെന്റ് ജോണ്‍ വിദ്യാലയത്തിലെ വൈസ് പ്രിന്‍സിപ്പല്‍ (1999-2002), സെന്റ് സേവ്യേഴ്സ് സെമിനാരിയുടെ ഡീന്‍ ഓഫ് സ്റ്റഡീസിലെ അഡ്മിനിസ്ട്രേറ്റര്‍, ജലൂക്കിയിലെ കാര്‍ഷിക പരിശീലനത്തിന്റെ പ്രൊഡക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ (2002-2004), ഫിലിപ്പൈന്‍സിലെ മരികിനയിലെ, മാതാവിന്റെ പള്ളിയില്‍ പുരോഹിതന്‍ (2004-2007), കൊഹിമ ബിഷപ്പിന്റെ സെക്രട്ടറി- ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളുടെ രൂപതാ കോ- ഓര്‍ഡിനേറ്റര്‍ (2007-2011), നാഗലാങ്ങിലെ കിഫിറിലുള്ള സെന്റ് പീറ്റേഴ്സിലെ ഇടവക വികാരി (2011-2016), ജഖാമയിലെ സെന്റ് ജോസഫ് കോളജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍, ഷില്ലോങ്ങിലെ ഓറിയന്‍സ് തിയോളജിക്കല്‍ കോളജിലെ വിസിറ്റിംഗ് പ്രൊഫസര്‍ (2016-2020) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.