'ഇസ്ലാമോഫോബിയ'; ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് അനുവദിക്കാന്‍ കത്ത് നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്ഐയുടെ പരോക്ഷ പിന്തുണ

'ഇസ്ലാമോഫോബിയ'; ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് അനുവദിക്കാന്‍ കത്ത് നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്ഐയുടെ പരോക്ഷ പിന്തുണ

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി എസ്എഫ്ഐ. പ്രശ്നം പരിഹരിക്കുന്നതിന് പകരം കത്തെഴുതിയ സംഭവം പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ കത്ത് ചിലര്‍ ദുരൂപയോഗം ചെയ്തെന്നും ഇസ്ലാമോഫോബിയ പരത്തുകയാണ് അവരുടെ ലക്ഷ്യമെന്നും എസ്എഫ്ഐ പുറത്തിറക്കിയ പോസ്റ്ററില്‍ ആരോപിക്കുന്നു.

എന്നാല്‍ കത്തെഴുതിയ സംഭവം തെറ്റായിപ്പോയി എന്ന് വ്യക്തമാക്കാന്‍ എസ്ഫ്ഐ തയാറായില്ല. കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ സംഘപരിവാറിന്റെ പ്രചരണമെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങളെ അപലപിക്കുന്നതായും എസ്എഫ്ഐ അറിയിച്ചു. അതേസമയം കത്തിനെ തള്ളി ആരോഗ്യമന്ത്രി രംഗത്ത് വന്നിരുന്നു.

ഓപ്പറേഷന്‍ തീയറ്ററില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് ചര്‍ച്ചയായിരുന്നു. 2020 ബാച്ചിലെ വിദ്യാര്‍ത്ഥിനിയാണ്കത്ത് സമര്‍പ്പിച്ചത്. മറ്റു ബാച്ചുകളിലെ മുസ്ലിം പെണ്‍കുട്ടികള്‍ കത്തിനെ പിന്‍തുണയ്ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ 26 നാണ് മുസ്ലീം വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ലഭിച്ചത്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിര്‍ബന്ധമാണ്. ആശുപത്രിയുടേയും ഓപ്പറേഷന്‍ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നായിരുന്നു മുസ്ലീം വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്ത് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.