സര്‍വകലാശാലയുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വീണ്ടും പോര്

സര്‍വകലാശാലയുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വീണ്ടും പോര്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ സര്‍വകലാശാലയുടെ പേരില്‍ പോര് മുറുകുന്നു. സര്‍വകലാശാലകളുടെ റേറ്റിംഗ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത് ഈ പോരിന്റെ ഭാഗമാണ്.

റേറ്റിംഗ് ഒപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുമെന്നും അത് പൊതു മാനദണ്ഡമായി കണക്കാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഒരു അക്രഡിറ്റേഷനും നല്‍കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണരുടെ പ്രതികരണം.

ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവും രംഗത്തെത്തിയത്. ഗവര്‍ണറുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം ആര്‍ജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ ഖേദകരമാണെന്നും നാക്, എന്‍ഐആര്‍എഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും റാങ്കും നിശ്ചയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാനദണ്ഡങ്ങളിലെല്ലാം മികവു പുലര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന ഗ്രേഡും എന്‍ഐആര്‍എഫ് റാങ്കിങും നല്‍കിയിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ച സര്‍ക്കാരും ഗവര്‍ണറുമായുള്ള പോരിന്റെ തുടര്‍ച്ചയാണിതെന്ന വിലയിരുത്തലാണ്. നിയമ സഭയില്‍ ഓര്‍ഡിനന്‍സ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി മാസങ്ങള്‍ക്ക് മുമ്പ് രാജ്ഭവനില്‍ അയച്ചെങ്കിലും ഒപ്പ് വയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.