തദ്ദേശ സ്വയംഭരണ വകുപ്പിൽ കൂട്ട സ്ഥലം മാറ്റൽ: ഒറ്റയടിക്ക് മാറ്റിയത് 6316 ജീവനക്കാരെ; കാരണം അഴിമതി തുടച്ചുനീക്കാൻ

തദ്ദേശ സ്വയംഭരണ വകുപ്പിൽ കൂട്ട സ്ഥലം മാറ്റൽ: ഒറ്റയടിക്ക് മാറ്റിയത് 6316 ജീവനക്കാരെ; കാരണം അഴിമതി തുടച്ചുനീക്കാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ച് സ്ഥലം മാറ്റം. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ 6316 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. 

ഗ്രാമ പഞ്ചായത്തിൽ നിന്ന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും കോർപ്പറേഷനുകളിലേക്കും നഗരസഭകളിലേക്കും തിരിച്ചുമാണ് സ്ഥലം മാറ്റിയത്. അഴിമതി തുടച്ച് മാറ്റുന്നതിനും സ്ഥലം മാറ്റത്തിലെ പരാതികൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് ചെയ്ത നടപടി പൂർണമായും നടന്നത് ഓൺലൈനിലൂടെയാണ്. 

സീനിയർ ക്ലർക്ക് മുതൽ ഫസ്റ്റ് ഗസറ്റഡ് റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവാണ് ഇറങ്ങിയത്. ഇവർക്ക് അന്തർജില്ലാ മാനദണ്ഡം ബാധകമാണ്. ജില്ലാതല സ്ഥലം മാറ്റങ്ങളുടെ നടപടികൾ പുരോഗമിക്കുകയാണ്. ക്ലർക്ക് മുതൽ താഴോട്ട് പ്യൂൺ വരെയുള്ളവരാണ് ജില്ലാതല സ്ഥലംമാറ്റ പട്ടികയിലുൾപ്പെടുക. ഇവർക്ക് ജില്ലയ്ക്കുള്ളിൽ തന്നെയായിരിക്കും സ്ഥലം മാറ്റം.

ഓരോഫീസിൽ മൂന്ന് വർഷമായ ജീവനക്കാരെ നിർബന്ധമായും അല്ലാത്തവരിൽ ചിലരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലം മാറ്റത്തിന് പരിഗണിച്ചത്. സ്ഥലം മാറ്റ മാനദണ്ഡങ്ങളുടെ കരട് തയാറാക്കി സർവീസ് സംഘടനകളുമായി ചർച്ച ചെയ്ത് അവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ഏകകണ്ഠമായാണ് അന്തിമമാക്കിയത്. 

ഈ നിർദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസിയേഷനുകളുമായും സർക്കാർ ചർച്ച ചെയ്തു. ജീവനക്കാർക്ക് താൽപര്യമുള്ള ഓഫീസും വിഭാഗവും ഓൺലൈനിൽ പരിധിയില്ലാതെ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കിയിരുന്നു. 

സ്ഥലംമാറ്റ ഉത്തരവിൽ ആക്ഷേപം അറിയിക്കുന്നതിന് 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഏകീകൃത വകുപ്പ് വരും മുമ്പ് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെ ഓരോ വകുപ്പുകളിലെയും ജീവനക്കാരെ അതാതു വകുപ്പുകൾക്കുള്ളിൽ മാത്രമായിരുന്നു സ്ഥലം മാറ്റിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.