ലിസ്ബണില്‍ കണ്ണുംനട്ട് യുവജനങ്ങള്‍; ലോക യുവജന സംഗമത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയത് ആറു ലക്ഷത്തിലധികം യുവജനങ്ങള്‍

ലിസ്ബണില്‍ കണ്ണുംനട്ട് യുവജനങ്ങള്‍; ലോക യുവജന സംഗമത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയത് ആറു ലക്ഷത്തിലധികം യുവജനങ്ങള്‍

ലിസ്ബണ്‍: ലോകമെമ്പാടുമുള്ള കത്തോലിക്ക യുവജനങ്ങള്‍ കാത്തിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ ദ്രുതവേഗത്തില്‍ പുരോഗമിക്കുന്നു. അടുത്ത മാസം ഒന്നു മുതല്‍ ആറു വരെ നടക്കുന്ന യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ആറു ലക്ഷത്തിലധികം പേരാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി 30 ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍ക്ക് അധികൃതര്‍ ഓര്‍ഡര്‍ നല്‍കി. 10,000 തിരുവസ്ത്രങ്ങള്‍ തയ്യാറാക്കുന്നതും തകൃതിയായി നടക്കുന്നുണ്ട്. ഇതുവരെ 7000 കുടുംബങ്ങളാണ് യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ വീടുകളില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ 6,63,000 ആളുകള്‍ രജിസ്‌ട്രേഷന് തുടക്കമിട്ടിട്ടുണ്ടെന്നാണ് കണക്ക്. 151 രാജ്യങ്ങളില്‍ നിന്നുള്ള 313,000 ആളുകള്‍ അവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് സ്‌പെയിന്‍ ആണ്. 58,531 യുവജനങ്ങളാണ് സ്‌പെയിനില്‍ നിന്ന് ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. ഇതിനു പിന്നാലെ ഇറ്റലിയില്‍ നിന്ന് 53,803 യുവജനങ്ങളാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സും (41,055), പോര്‍ച്ചുഗലുമാണ് (32,771) തൊട്ടുപിന്നിലുള്ളത്. 14435 പേരാണ് അമേരിക്കയില്‍ നിന്നും രജിസ്‌ട്രേഷന്‍ നടത്തിയത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവരില്‍ 70 ശതമാനം പേരും താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കൂടാതെ, യുവജന സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസം ഒരുക്കാനായി സ്‌കൂളുകളും സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ഉള്‍പ്പെടെ 470,000 കേന്ദ്രങ്ങളില്‍ അധികൃതര്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. 32000-ത്തിനു മുകളില്‍ ആളുകളാണ് യുവജന സംഗമത്തിന്റെ വോളണ്ടിയര്‍മാറാകാന്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. അതില്‍ 22282 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. വോളണ്ടിയര്‍മാരായി രജിസ്‌ട്രേഷന്‍ നടത്തുന്നവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുണ്ട്. ഇവരുടെ സേവനം യുവജന സംഗമത്തില്‍ ലഭ്യമാക്കും.

ലിസ്ബണിലെ ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടി 698 മെത്രാന്മാരും 29 കര്‍ദിനാള്‍മാരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. യുവജന സംഗമ വേദിയില്‍ റികണ്‍സിലിയേഷന്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് ആളുകള്‍ക്ക് കുമ്പസാരിക്കാന്‍ 150 കുമ്പസാരക്കൂടുകളും അധികൃതര്‍ തയ്യാറാക്കുന്നുണ്ട്. കുമ്പസാരം കേള്‍ക്കാനായി 2600 വൈദികരെയാണ് നിയോഗിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഇറ്റാലിയന്‍ എന്നീ അഞ്ചു ഭാഷകളില്‍ കുമ്പസാരത്തിനു അവസരമുണ്ട്. ലോക യുവജന സംഗമം ജനങ്ങളില്‍ എത്തിക്കാന്‍ അനുമതി തേടി 2069 മാധ്യമങ്ങളാണ് അധികൃതരെ ഇതുവരെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.