സംസ്ഥാനത്ത് മഴ ശക്തം: ഡാമുകൾ തുറന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തം: ഡാമുകൾ തുറന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മഴ ശക്തമായി തുടരുന്നതിനാൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു.

പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ താമസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 15 സെന്റി മീറ്റർ വീതം ഉയർത്തി. എറണാകുളം ഭുതത്താൻകെട്ടിലെ അഞ്ച് ഷട്ടറുകൾ തുറന്നു. പാംബ്ല ഡാമും ഉടൻ തുറക്കുമെന്നാണ് വിവരം. 

സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. സംഭരണികളില്‍ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിപ്പ്. ഇടുക്കിയിലും, ശബരിഗിരിയിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നു.

ഇടുക്കി അണക്കെട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരം ജലനിരപ്പ് 2308.54 അടിയായി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 62.6 മില്ലി മീറ്റര്‍ മഴയാണ് തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ പെയ്തത്.

ശബരിഗിരി പദ്ധതി പ്രദേശത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 143 എംഎം ആണ് ഇവിടെ മഴ. ശബരിഗിരി പദ്ധതി സംഭരണികളില്‍ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് നാല് ശതമാനം വര്‍ധിച്ചു. നീരൊഴുക്ക് കൂടിയിട്ടുണ്ട്. 

മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയിൽ നിന്ന് 1.6 മീറ്റർ ഉയർന്നു. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നൽകാറുള്ള ഉയരം. 2018 ഓഗസ്റ്റ് 16 ന് ലഭിച്ച 9.64 മീറ്ററാണ് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ജലനിരപ്പ്‌.

കനത്ത മഴയെ തുടർന്ന് ഇന്ന് തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പാണ്. ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. 

തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻ്ററുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് സന്ദർശക്ക് പ്രവേശനം അനുവദിക്കില്ല. പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലാത്ത തിരുവനന്തപുരത്ത് നഗര മലയോര മേഖലകളിൽ മണിക്കൂറുകളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

അതേസമയം സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർദേശം ആണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. വ്യാഴാഴ്ചയ്ക്കുശേഷം മഴയ്ക്ക് ശക്തികുറയാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.