എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടും എന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്

എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടും എന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്

കൊച്ചി: വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. സർക്കാറിനോ പ്രധാനമന്ത്രിക്കോ എതിരെയോ രാഷ്ട്രീയകാര്യങ്ങൾക്ക് എതിരെയോ പോസ്റ്റുകൾ ഷെയർ ചെയ്യരുത് എന്നു തുടങ്ങി രാഷ്ട്രീയ, മത സന്ദേശങ്ങൾ അയക്കുന്നത് ശിക്ഷാകരമായ പ്രവർത്തിയാണെന്നും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും അടക്കമുള്ള കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്.

എല്ലാ കോളുകളും റെക്കോർഡ് ചെയ്യപ്പെടുകയും വാട്സ്ആപ്പ്, ഫെസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടും, ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും, അനാവശ്യ മെസേജുകൾ ആർക്കും അയക്കരുത്. രാഷ്ട്രീയമോ മതപരമോ ആയ സന്ദേശങ്ങൾ അയക്കുന്നത് ശിക്ഷാകരമാണ്. വാറണ്ടില്ലാതെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ​ഗൗരവം ആയിട്ടുള്ള സൈബർ കുറ്റം ആയി ഇത് കണക്കാക്കും എന്നിങ്ങനെ പോകുന്നു സ​ന്ദേശം.

എല്ലാ ഗ്രൂപ്പ് അം​ഗങ്ങളും മോഡറേറ്റർമാരും ഇത് ​ഗൗരവകരമായി എടുക്കണമെന്നും ആരും തെറ്റായ ഒരു മെസേജും അയക്കരുതെന്നും നിർദേശിക്കുന്ന ഈ സന്ദേശത്തിൽ ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആകാൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. അയച്ച സന്ദേശങ്ങൾക്ക് മൂന്ന് ബ്ലൂ ടിക് (✓) വന്നാൽ നിങ്ങളുടെ മെസേജ് ഗവൺമെന്റ് കണ്ടുവെന്നാണ് അർഥമെന്നും രണ്ട് ബ്ലൂ, ഒരു റെഡ് ടിക് (✓) വന്നാൽ മെസേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം എന്നാണ് അർഥമെന്നും വ്യാജ സന്ദേശത്തിലുണ്ട്.

ഒരു ബ്ലൂ, രണ്ട് റെഡ് ടിക് ആണ് വന്നതെങ്കിൽ നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് പരിശോധിക്കുന്നു, മൂന്ന് റെഡ് ടിക് ആണെങ്കിൽ നിങ്ങൾക്ക് എതിരെയുള്ള നടപടി ഗവൺമെന്റ് ആരംഭിച്ചു, ഉടനെ കോടതിയുടെ സമൻസ് കിട്ടും എന്നും വ്യാജൻ വിശദീകരിക്കുന്നു. എന്നാൽ, അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടി​ല്ലെന്ന് കേരള പൊലീസ് അറിയിച്ചു. രണ്ടു മൂന്ന് വർഷം മുന്നേ ഇറങ്ങിയ ഈ വ്യാജ സന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുകയാണെന്നും അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.