ലേ ഔട്ട്‌ വരെ കോപ്പി; മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി പ്രബന്ധം ലവല്‍3 കോപ്പിയടി

ലേ ഔട്ട്‌ വരെ കോപ്പി; മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി പ്രബന്ധം ലവല്‍3 കോപ്പിയടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം യുജിസി ചട്ടപ്രകാരം ഏറ്റവും ഗുരുതര നിലയിലുള്ള കോപ്പിയടിയെന്ന് ആരോപണം. പ്രബന്ധത്തിന്റെ 60 ശതമാനത്തിനു മുകളില്‍ മറ്റെവിടെ നിന്നെങ്കിലും പകര്‍ത്തിയാലാണ് ഏറ്റവും ഗുരുതരമായി പരിഗണിക്കുന്ന ലവല്‍3 കോപ്പിയടിയാവുന്നത്. ഇതു സര്‍വകലാശാലയും സ്ഥിരീകരിച്ചാല്‍ പ്രബന്ധം പിന്‍വലിക്കണമെന്നാണ് യുജിസി ചട്ടം.

അധ്യാപക ജോലിയുണ്ടെങ്കില്‍ അതില്‍ നിന്നു പുറത്താകും. ഗവേഷണ പ്രബന്ധം സ്വന്തമായി തയാറാക്കിയതാണെന്നും പകര്‍ത്തിയതല്ലെന്നും ഗവേഷകന്‍ തന്നെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കോപ്പിയടി തെളിഞ്ഞാല്‍ സര്‍വകലാശാലയ്ക്കു വഞ്ചനക്കുറ്റത്തിനു നിയമ നടപടിയും സ്വീകരിക്കാം. മൈസൂര്‍ സര്‍വകലാശാലയിലായിരിക്കെ എംജി സര്‍വകലാശാലയിലടക്കം വൈവ പരീക്ഷയ്ക്ക് എക്‌സാമിനറായി എത്തിയിരുന്ന പ്രഫ.കെ.വി നാഗരാജന്‍ ആണ് രതീഷിന്റെ ഗവേഷണ ഗൈഡ് ആയത്. എംജി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു രതീഷും. പ്രഫ.നാഗരാജന്‍ അസം സര്‍വകലാശാലയില്‍ പ്രോ വൈസ് ചാന്‍സലറായി പോയ ഘട്ടത്തിലാണ് തലശേരി ഗവ.ഗേള്‍സ് എച്ച്എസ്എസിലെ അധ്യാപകനായിരുന്ന രതീഷും അവിടെ ഗവേഷണത്തിനു റജിസ്റ്റര്‍ ചെയ്തത്.

അസം സര്‍വകലാശാലയിലെ വിദഗ്ധര്‍ പ്രബന്ധം വിശദമായി പരിശോധിച്ച ശേഷം ഏകകണ്ഠമായാണു പിഎച്ച്ഡി നല്‍കിയതെന്നാണ് രതീഷിന്റെ വാദം. എന്നാല്‍ പ്രബന്ധത്തിലെ ഭൂരിഭാഗവും രതീഷിന്റെ സുഹൃത്തു കൂടിയായ ആര്‍.വി രാജേഷ് മൈസൂര്‍ സര്‍വകലാശാലയില്‍ പിഎച്ച്ഡിക്കായി സമര്‍പ്പിച്ച പ്രബന്ധത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണത്തിനു വ്യക്തമായ മറുപടിയില്ല. യുജിസി അംഗീകരിച്ച സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ രതീഷിന്റെ പ്രബന്ധത്തിലെ 5 അധ്യായങ്ങളിലും 62% 95% കോപ്പിയടിയുണ്ടെന്നാണ് കെഎസ്യുവും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയും ആരോപിക്കുന്നത്.

ചാര്‍ട്ടുകളും ലേ ഔട്ടും വരെ കോപ്പിയടിച്ചെന്നും അക്ഷരത്തെറ്റു പോലും ആവര്‍ത്തിക്കപ്പെട്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 'കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ സാമൂഹിക പഠന രീതിയുടെ ഫലപ്രാപ്തി' എന്നതാണ് രാജേഷിന്റെ ഗവേഷണ വിഷയമെങ്കില്‍ 'കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ മാധ്യമ പഠന രീതിയുടെ ഫലപ്രാപ്തി' എന്നതാണ് രതീഷിന്റെ വിഷയം. രതീഷ് കാളിയാടന്റെ പിഎച്ച്ഡി വിവാദത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കു കത്ത് നല്‍കി.
പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ള കല്ലുവച്ച നുണയാണെന്നാണ് രതീഷ് കാളിയാടന്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.