ബംഗാളിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം; അഡീഷണൽ എസ്പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു

ബംഗാളിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം; അഡീഷണൽ എസ്പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു

കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം. ഭങ്കോറിൽ അഡീഷണൽ എസ് പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു. സൗത്ത് 24 പർഗനാസിലെ ഭൻഗർ മേഖലയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകൻ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.

സംഘർഷം പരിശോധിക്കാൻ ബിജെപി നിയോഗിച്ച വസ്തുതാന്വേഷണ സമിതി ബംഗാളിൽ എത്തി. അതേസമയം, 34000 ത്തിൽ അധികം വാർഡുകളിൽ വിജയം നേടിയ തൃണമൂൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്. അതേസമയം, ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്ന് കോൺ​ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ജനാധിപത്യത്തെ പരിഹസിക്കുന്നത് എല്ലാവരും കണ്ടു. തൃണമൂൽ കോൺ​ഗ്രസും പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണ്. വേട്ടെണ്ണലിന് ശേഷവും അക്രമങ്ങൾ അഴിച്ചുവിടുകയാണ് എന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

പശ്ചിമബംഗാളിൽ നിന്ന് ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആകെ പ്രഖ്യാപിച്ച 23344 സീറ്റുകളിൽ 16330 എണ്ണത്തിലും തൃണമൂൽ കോൺഗ്രസിനാണ് വിജയം. ഇതിന് പുറമെ 3002 സീറ്റുകളിൽ തൃണമൂൽ ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപി 3790 സീറ്റിൽ വിജയിച്ചപ്പോൾ 802 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇടതുപക്ഷം 1365 സീറ്റുകളിൽ വിജയിച്ചപ്പോൾ സിപിഐഎം തനിയെ 1206 സീറ്റുകളിൽ വിജയം നേടി. 621 സീറ്റുകളിലാണ് ഇടതുപക്ഷം മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് 886 സീറ്റുകളിൽ വിജയിച്ചപ്പോൾ 256 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.

കേന്ദ്ര സേനയുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ തുടരുന്നത്. സിസിടിവി ക്യാമറകളും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പരിഷത്തുകളിലേയും പഞ്ചായത്ത് സമിതികളിലേയും ഗ്രാമ പഞ്ചായത്തുകളിലേയും 73,887 സീറ്റുകളിൽ 2.06 ലക്ഷം സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ 37 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ വ്യാപക അക്രമസംഭവങ്ങളാണ് ഉണ്ടായത്. ബൂത്ത് പിടുത്തം ഉൾപ്പടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ 697 ബൂത്തുകളിൽ റീപോളിങും നടന്നിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.