ബെംഗളൂരു: മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടുപേരെ പട്ടാപ്പകല്‍ ഓഫീസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുന്‍ ജീവനക്കാരന്‍ ജെ. ഫെലിക്‌സ് വെട്ടിക്കൊന്നത്. ഫെലിക്‌സിനെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്തു.
'ജോക്കര്‍ ഫെലിക്‌സ്' എന്നാണ് ടിക് ടോക് താരമായ ഫെലിക്‌സിന് സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. മുഖത്ത് ടാറ്റൂ ചെയ്ത്, മുടിയില്‍ ചായം പൂശി, കാതില്‍ സ്വര്‍ണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള ഫെലിക്‌സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.
സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ എയറോണിക്‌സിലെ ജോലി അവസാനിപ്പിച്ചത്. തന്റെ ബിസിനസിന് വലിയ വെല്ലുവിളിയാകുമെന്ന് മനസിലായതോടെ എയറോണിക്‌സ് എംഡി ഫണീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താന്‍ ഫെലിക്‌സ് പദ്ധതിയിടുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലും സജീവമായിരുന്ന ഫെലിക്‌സ്, കൊലപാതകത്തിന് ഒമ്പത് മണിക്കൂര്‍ മുമ്പ് ഇതേപ്പറ്റി ഇന്‍സ്റ്റ സ്റ്റോറിയില്‍ സൂചന നല്‍കിയിരുന്നു.'ഈ ഭൂമിയിലെ മനുഷ്യര്‍ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാല്‍ മനുഷ്യരെ ഞാന്‍ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമേ ഞാന്‍ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല'' എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്.
താന്‍ റാപ്പര്‍ ആണെന്നാണ് ഇയാള്‍ ഇന്‍സ്റ്റയില്‍ പറയുന്നത്. ഫെലിക്‌സ് തനിച്ചല്ല ഐടി കമ്പനിയില്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേര്‍ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തു. സംഭവത്തിനു പിന്നാലെ അക്രമിസംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.