കൊച്ചി: കൈ വെട്ട് കേസിലെ പ്രതി സജിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഐഎ പ്രത്യേക കോടതി. പ്രൊഫസറിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ രണ്ടാം പ്രതി സജില്‍ വീട്ടില്‍ ആഘോഷിക്കുകയായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ഇത്തരത്തിലുള്ള മാനസികാവസ്ഥ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും വേദന എന്നത് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടില്‍ ഉമ്മ മാത്രമാണുള്ളതെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമുള്ള പ്രതിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
ആകെ 12 പ്രതികളില്‍ ആറ് പേരെയാണ് കോടതി ഇന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം.കെ. നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, മന്‍സൂര്‍, 11-ാം പ്രതി മൊയ്തീന്‍ കുഞ്ഞ്, 12-ാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. അഞ്ചുപേരെ വെറുതെ വിട്ടു. ഒന്നാം പ്രതിസവാദ് ഇപ്പോഴും ഒളിവിലാണ്. കുറ്റക്കാരെന്ന് തെളിഞ്ഞ ആറുപേരുടെയും ജാമ്യം റദ്ദാക്കി കാക്കാനാട് ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചതെന്ന് കേസില്‍ വിധി വന്നതിന് പിന്നാലെ പ്രൊഫ. ടി.ജെ ജോസഫ് പ്രതികരിച്ചു. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയെന്ന അഭിപ്രായം തനിക്കില്ലെന്നും ഇരയ്ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. സവാദിനെ കണ്ടെത്താന്‍ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയം. തന്നെ ആക്രമിക്കാന്‍ ഗ്രൂഢാലോചന നടത്തിയവര്‍ ഇപ്പോഴും കാണാമറയത്താണ്. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കണം. ഏത് യുദ്ധത്തില്‍ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങള്‍ ഉണ്ടാകും. ആ യുദ്ധത്തില്‍ പോരാട്ടം തുടരുകയാണെന്നും പ്രൊഫ. ടിജെ ജോസഫ് പറഞ്ഞു.
സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരില്‍ 11 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.