'പീറ്റേഴ്‌സ് പെൻസ്' 2022: സാമ്പത്തിക റിപ്പോർട്ട് പുറത്തുവിട്ട് വത്തിക്കാൻ; കൂടുതൽ പണം ചെലവഴിച്ചത് ആഫ്രിക്കൻ രാജ്യങ്ങൾക്കായി

'പീറ്റേഴ്‌സ് പെൻസ്' 2022: സാമ്പത്തിക റിപ്പോർട്ട് പുറത്തുവിട്ട് വത്തിക്കാൻ; കൂടുതൽ പണം ചെലവഴിച്ചത് ആഫ്രിക്കൻ രാജ്യങ്ങൾക്കായി


വത്തിക്കാൻ സിറ്റി: മാർപ്പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ധനശേഖരമായ 'പീറ്റേഴ്സ് പെൻസിന്റെ' കഴിഞ്ഞ വർഷത്തെ വരവു ചെലവു കണക്കുകളുടെ റിപ്പോർട്ട് വത്തിക്കാൻ പുറത്തുവിട്ടു. സംഭാവനകളും മൂലധന നേട്ടങ്ങളും കൂടി ആകെ 107 ദശലക്ഷം യൂറോ (969 കോടി രൂപ) വരവും 95.5 ദശലക്ഷം യൂറോ (865 കോടി രൂപ) ചെലവുമാണ് 2022 ലെ സാമ്പത്തിക റിപ്പോർട്ടിൽ ഉള്ളത്.

എല്ലാ വർഷവും ജൂൺ 29-ാം തിയതി ആഘോഷിക്കുന്ന വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ചാണ് 'പത്രോസിന്‍റെ കാശ് ' (Peter's pense) എന്ന് പരമ്പരാഗതമായി അറിയപ്പെടുന്ന ഈ സംഭാവന, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളിൽ നിന്നും സ്വീകരിക്കപ്പെടുന്നത്. വിശ്വാസികൾ നൽകുന്ന ഈ സാമ്പത്തികസഹായം ആഗോളസഭയിലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായും പരിശുദ്ധ സിംഹാസനത്തിന്റെ അനുദിന നടത്തിപ്പിനായുമാണ് ഉപയോഗിക്കുന്നത്. ശ്ലീഹന്മാരുടെ കാലം മുതൽക്കേ സഭയില്‍ തുടങ്ങിയ ഈ പാരമ്പര്യത്തിലൂടെ കത്തോലിക്കാസഭയുടെ ഉപവിയും ഐക്യവുമാണ് വെളിവാക്കപ്പെടുന്നത്.

രൂപതകൾ, സന്യാസ സമൂഹങ്ങൾ സഭയിലെ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളും വർഷത്തിലുടനീളം വ്യക്തികൾ നേരിട്ട് നൽകുന്ന ധനസഹായങ്ങളും 'പീറ്റേഴ്സ് പെൻസി'ലേക്ക് സ്വീകരിക്കപ്പെടുന്നു. ഇവയ്ക്കു പുറമേ, സംഭാവനയായി ലഭിക്കുന്ന സ്ഥാവര വസ്തുക്കളുടെ (real estate) വില്പനയിലൂടെയും ഇതിലേക്ക് ധനം സമാഹരിക്കാറുണ്ട്.

കഴിഞ്ഞവർഷത്തെ വരവിന്റെ 63 ശതമാനം രൂപതകളിൽ നിന്നും 29 ശതമാനം സഭയുടെ സ്ഥാപനങ്ങളിൽ നിന്നുമാണ് ലഭിച്ചത്. രാജ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് (25.3%) അമേരിക്കയിലെ സഭയിൽ നിന്നാണ്. കൊറിയ (8%), ഇറ്റലി (6.7%), ബ്രസീൽ (3.4%), ജർമ്മനി (3%) എന്നീ രാജ്യങ്ങളാണ് പട്ടികയിൽ യഥാക്രമം തുടർന്നുവരുന്നത്.

ഇപ്രകാരം ലഭിക്കുന്ന സഹായധനം റോമൻ കൂരിയയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഡിക്കാസ്റ്ററികൾ, മറ്റു ഭരണ നിർവഹണ കാര്യാലയങ്ങൾ എന്നിവയുടെ ദൈനംദിന നടത്തിപ്പിനായും പരിശുദ്ധ സിംഹാസനത്തിന്റെ സഹായം ആവശ്യമുള്ള ജീവകാരുണ്യ സംരംഭങ്ങൾക്കുമായാണ് നീക്കിവയ്ക്കപ്പെടുന്നത്. 2022-ൽ പീറ്റേഴ്‌സ് പെൻസിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച സഹായധനം 93.8 ദശലക്ഷം യൂറോയാണ്. (850 കോടി രൂപ)
എഴുപത്തി രണ്ട് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന ജീവകാരുണ്യ പദ്ധതികൾക്ക് വേണ്ടി ഈ സഹായധനം വിതരണം ചെയ്യപ്പെട്ടു. ഇതിൽ ഏറ്റവും കൂടുതൽ വിഹിതം (34%) ചെലവഴിക്കപ്പെട്ടത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്.

സഹായമർഹിക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലമുള്ള ദുരിതമനുഭവിക്കുന്നവർ എന്നിവരെല്ലാം ഇതിന്റെ ഗുണഭോക്താക്കളായി.
പരിശുദ്ധ പിതാവിന്റെ അപ്പസ്തോലിക ദൗത്യ നിർവഹണത്തിന് ആവശ്യമായി വരുന്ന ചെലവുകളും പീറ്റേഴ്സ് പെൻസിൽ നിന്നാണ് കണ്ടെത്തുന്നത്. സുവിശേഷ പ്രചരണം, മാനവശേഷി വികസനം, വൈദിക പരിശീലനം, മനുഷ്യ സാഹോദര്യത്തിന്റെ പരിപോഷണം, സമാധാനത്തിന് വേണ്ടിയുള്ള നയതന്ത്ര ബന്ധങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

വിവിധ ഡിക്കാസ്റ്ററികളും റോമൻ കൂരിയയുടെ കീഴിലുള്ള കാര്യാലയങ്ങളും 'അപ്പസ്തോലിക് മിഷൻ ഗ്രൂപ്പ്' എന്ന പേരിൽ ഇതിനായി യോജിച്ചു പ്രവർത്തിക്കുന്നു. പീറ്റേഴ്സ് പെൻസിൽ നിന്ന് 77.6 ദശലക്ഷം യൂറോയാണ് 2022-ൽ ഇപ്രകാരമുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടത്. എങ്കിലും ഇത് ഈ ഇനത്തിൽ ചെലവായ മൊത്തം തുകയുടെ 20% മാത്രമേ ആകുന്നുള്ളൂ.

'സഭയെന്നാൽ നാം എല്ലാവരുമാണ്

കർത്താവായ യേശുവിനെ അനുഗമിക്കുന്നവരും അവന്റെ നാമത്തിൽ ഏറ്റവും ചെറിയവർക്കും കഷ്ടതകൾ അനുഭവിക്കുന്നവർക്കും അൽപ്പം ആശ്വാസവും സഹായവും സമാധാനവും നൽകാൻ ആഗ്രഹിക്കുന്നവരായ നാം എല്ലാവരും.' -2014 ഒക്ടോബർ 29-ന് നടന്ന ഒരു പൊതു സന്ദർശന പരിപാടിയിൽ നിന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകളോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26