'തിങ്കളേ... പൂ തിങ്കളേ നീ ഒളി കണ്ണെറിയരുതേ'... പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 മണ്ണില്‍ നിന്ന് വിണ്ണിലേക്ക്

'തിങ്കളേ... പൂ തിങ്കളേ നീ ഒളി കണ്ണെറിയരുതേ'... പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 മണ്ണില്‍ നിന്ന് വിണ്ണിലേക്ക്

ശ്രീഹരിക്കോട്ട: ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വഹിച്ച് ചന്ദ്രയാന്‍ 3 ആകാശ നീലിമയിലേക്ക് കുതിച്ചുയര്‍ന്നു. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് 2.35 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചപ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറി.

ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 2019 ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്ന് പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 നെ ഭ്രമണ പഥത്തിലേക്ക് അയച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന് പേരുമാറ്റിയ ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണിത്. 43.5 മീറ്റര്‍ ഉയരവും 642 ടണ്‍ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തില്‍ ക്രയോജനിക് ഇന്ധനവും കുതിപ്പേകും. വിക്ഷേപിച്ച് 15 മിനിറ്റ് കഴിയുമ്പോഴേക്കും പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ നിന്ന് 179 കിലോമീറ്റര്‍ ഉയരെയുള്ള ചാന്ദ്ര ഭ്രമണ പഥത്തിലെത്തും.

ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. പിന്നീട് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും.

അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇന്ന് വിക്ഷേപണം കാണാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ട്.

ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് നിരവധി മാറ്റങ്ങള്‍ ചന്ദ്രയാന്‍ മൂന്നില്‍ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാന്‍ഡറിന്റെ കാലുകള്‍ ബലപ്പെടുത്തി. ഓര്‍ബിറ്ററിനു പകരം പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ആണ് ലാന്‍ഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക.

ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയാല്‍ ഉടന്‍തന്നെ റോവര്‍ വേര്‍പെടും. ലാന്‍ഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങള്‍ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാന്‍ 3 ആണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.