മാന്നാനം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ ദേവാലയത്തില്‍ വി. ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷിച്ചു

മാന്നാനം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ ദേവാലയത്തില്‍ വി. ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷിച്ചു

കോട്ടയം: ഭാരതത്തിലും കേരളത്തിലും വളരെ വിരളവും ചങ്ങനാശേരി അതിരൂപതയിലെ ഏക ദേവാലയവുമായ മാന്നാനം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ ദേവാലയത്തില്‍ വി. ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷിച്ചു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 16 ഞായറാഴ്ച റവ. ഫാദര്‍ ജോസഫ് വേലങ്ങാട്ടുശേരി (കെസിഎസ്എല്‍, ചങ്ങനാശേരി അതിരൂപതാ ആരാധനാക്രമസംഗീത ഡയറക്ടര്‍), ആര്‍ച്ച് ഡീക്കന്‍ റവ. ഫാദര്‍ ജോര്‍ജ് വട്ടിത്തറ ( തല്ലതണ്ണി ആശ്രമം) എന്നിവരുടെ നേത്വത്തില്‍ ആഘോഷപൂര്‍ണമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ശ്ലീഹന്‍മാരുടെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നതിനും അനുഗ്രഹങ്ങള്‍ നേടുന്നതിനും പല സ്ഥലങ്ങളില്‍ നിന്നായി അനേകം വിശ്വാസികളാണ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്.

വികാരി ഫാ.വര്‍ഗീസ് പ്ലാമ്പറമ്പിലിന്റെയും കൈക്കാരന്‍മാരായ ഡേവിഡ് ചക്കാലമറ്റത്തിന്റെയും ഷാജി കല്ലുവെട്ടാംകുഴി, ജോസ് മുകളേപ്പറമ്പില്‍ എന്നിവരുടേയും മറ്റ് സംഘടനകളുടേയും വിശ്വാസ സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
മാന്നാനം ഫാത്തിമാമാതാ കപ്പേളയിലേയ്ക്ക് പ്രദക്ഷിണവും നടത്തി. ശേഷം പന്ത്രണ്ട് ശ്ലീഹന്മാരുടെ നേര്‍ച്ച വെഞ്ചരിപ്പും വിതരണവും നടന്നു.
ജൂലൈ നാല് മുതല്‍ പതിനാറ് വരെയായിരുന്നു പെരുന്നാള്‍.

അപ്പോസ്തലന്മാരുടെ തിരുനാളിനെക്കുറിച്ച് അറിയാം:

ക്രൈസ്തവ സുവിശേഷം പ്രചരിപ്പിക്കുകയും ആത്മീയ നേതൃത്വം നല്കുകയും ചെയ്യുന്നതിന് യേശുവില്‍ നിന്ന് അധികാരം ലഭിച്ച അപ്പോസ്തലന്മാരുടെ തിരുന്നാള്‍ കത്തോലിക്ക സഭ ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുകയാണ്. വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതില്‍ അപ്പോസ്തലന്മാര്‍ നല്‍കിയ മഹത്തായ പ്രവര്‍ത്തനങ്ങളെ സഭ ആദരവോടെയും പ്രാര്‍ത്ഥനയോടെയും പ്രത്യേകമായി ഈ ദിവസം സ്മരിക്കുന്നു. ക്രിസ്തുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കാനുള്ള അധികാരം നേരിട്ട് ലഭിച്ചവര്‍ ഇവര്‍ മാത്രമായിരുന്നു.

സുവിശേഷങ്ങളില്‍ അപ്പോസ്തലന്‍മാരുടെ പേരുകള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പത്രോസ് എന്ന് പേരുള്ള ശിമയോന്‍, സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തൊലോമി, മത്തായി, തോമസ്, യോഹന്നാന്റെ സഹോദരന്‍ യാക്കോബ്, ശിമയോന്‍, യൂദാസ് കറിയാത്തയ്ക്ക് പകരം സഭ തിരഞ്ഞെടുത്ത മത്തിയാസ്, ഒറ്റുകാരനായി പിന്നീട് അറിയപ്പെട്ട യൂദാസ് ഇവരാണ് ക്രിസ്തുവിന്റെ തിരഞ്ഞെടുക്കപ്പെട്ട അപ്പോസ്തലന്മാര്‍.
അപ്പോസ്തലന്‍മാര്‍ പന്ത്രണ്ട് പേരായിരിക്കാന്‍ പ്രത്യേക ചരിത്ര പശ്ചാത്തലം ഉണ്ട്. യഹൂദ പാരമ്പര്യമനുസരിച്ച് ഇസ്രായേല്‍ക്കാര്‍ക്ക് 12 ഗോത്രങ്ങളും 12 ഗോത്രത്തലവന്‍മാരും ഉണ്ടായിരുന്നു. ക്രിസ്തു സ്ഥാപിച്ച സഭയ്ക്ക് നേതൃത്വം വഹിക്കാന്‍ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തത് ഇക്കാരണത്താലാണെന്ന് കരുതപ്പെടുന്നു.

അപ്പോസ്തല സംഘത്തിന്റെ നേതാവ് പത്രോസ് ആയിരുന്നു. അദ്ദേഹം റോമില്‍വച്ച് രക്തസാക്ഷിയായതായി വിശ്വസിക്കപ്പെടുന്നു. യോഹന്നാന്‍ എഫേസ്‌കസില്‍ ജീവിതാന്ത്യം കഴിച്ചതായി കരുതപ്പെടുന്നു. അവിടെ അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു. പേര്‍ഷ്യയിലും ഇന്ത്യയിലും സുവിശേഷമറിയിച്ചശേഷം തോമസ് അപ്പോസ്തലന്‍ മദ്രാസിലുള്ള മൈലാപ്പൂരില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചതായി പറയപ്പെടുന്നു. ബര്‍ത്തൊലോമി അറേബ്യയിലും ഇന്ത്യയിലും സുവിശേഷമറിയിച്ചതായി ചിലര്‍ കരുതുന്നു. മത്തായി യഹൂദരോടാണ് ആദ്യം സുവിശേഷം പ്രസംഗിച്ചത്. അന്ത്രയോസ് സ്‌കീതിയായില്‍ പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

സഭയുടെ അടിസ്ഥാനമാണ് അപ്പോസ്തലന്മാര്‍. ക്രിസ്തുവിന്റെ സന്ദേശം ലോകത്തെ അറിയിക്കുകയും ക്രിസ്ത്രുവിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്ധ്യാത്മിക നേതൃത്വം നല്‍കുകയും ആയിരുന്നു അപ്പോസ്തലന്മാരുടെ കര്‍ത്തവ്യം. സന്തത സഹചാരികളായിരുന്ന അപ്പോസ്തലന്മാര്‍ക്ക് ക്രിസ്തു ചില അധികാരാവകാശങ്ങളും നല്‍കി. ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുക എന്ന് ഉപദേശിച്ച് യേശു അവരെ ഭരമേല്‍പ്പിച്ചു.
ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുകയും ഈ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അപ്പോസ്തലന്മാരെ ക്രൈസ്തവ സഭകള്‍ ബഹുമാനാദരങ്ങളോടെയാണ് സ്മരിക്കുന്നത്. വിശുദ്ധകുര്‍ബാന മധ്യേ അപ്പോസ്തലന്മോരുടെ പ്രാര്‍ത്ഥനയ്ക്ക് സഭ ഉന്നതമായ സ്ഥാനം നല്‍കുന്നു. പ്രത്യേകിച്ച അവരുടെ തിരുന്നാള്‍ ദിനത്തില്‍.

ലോകത്തിന്റെ നാനാ ഭാഗങ്ങളിലും പോയി ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുകയും രക്തസാക്ഷികളായി തീരുകയും ചെയ്തവരാണ് 12 അപ്പോസ്തലന്മാരില്‍ യോഹന്നാനൊഴിച്ച് എല്ലാവരും. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പത്രോസ് ശ്ലീഹാ തലകീഴായി ക്രീശിക്കപ്പെടുകയും മറ്റ് അപ്പോസ്തലന്മാരെല്ലാവരും വിവിധ തരത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്തവരാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങളനുസരിച്ച് ക്രിസ്തു സന്ദേശം ലോകം മുഴുവന്‍ അറിയിക്കാന്‍ ത്യാഗോജ്വലമായ ജീവിതം നയിച്ച അപ്പോസ്തലന്‍മാര്‍ സഭയ്ക്കും വിശ്വാസികള്‍ക്കും സജീവ മാതൃകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.