നഷ്ടമായത് കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനാവാത്ത നേതാവിനെ

നഷ്ടമായത് കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനാവാത്ത നേതാവിനെ

കോട്ടയം: ഉമ്മന്‍ ചാണ്ടി അന്തരിക്കുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനാവാത്ത നേതാവിനെ. ഉമ്മന്‍ചാണ്ടിക്ക് സമം ഉമ്മന്‍ചാണ്ടി മാത്രം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ ഒട്ടുമിക്ക സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്.

1970 മുതല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന അദ്ദേഹം കേരളം എന്ന തട്ടകം വിട്ട് ഒരു തവണ പോലും കേന്ദ്രത്തില്‍ പോകാന്‍ ഒരു ശ്രമമോ ഇഷ്ടമോ കാണിച്ചിട്ടില്ല. 1970 ല്‍ എംഎല്‍എ ആയത് മുതല്‍ കേരളവും കേരളത്തിന്റെ ജനതയുമാണ് അദ്ദേഹത്തിന്റെ എല്ലാം.

പുതുപ്പള്ളി കൈവിടാത്തതും പുതുപ്പള്ളിയെ കൈവിടാത്തതുമായ ജനനായകന്‍. മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും പുതുപ്പള്ളിയിലേക്ക് വരാത്ത ഞായറഴ്ചകള്‍ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതത്തില്‍. ഞായറാഴ്ചയെന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയായിരുന്നു. ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യത്തിന്റെ മറുപേരായിരുന്നു പുതുപ്പളളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി.

ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കാരോട്ട് വളളക്കാലിലെ വീട്ടില്‍ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും അന്നൊരു പരിഹാരം കാണുമെന്നുമുളള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പളളിക്കാരന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതം. അതുകൊണ്ടു തന്നെയാണ് 1970 നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നത്. പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും.

പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പളളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയമായി വേട്ടയാടിയവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയ കാലത്ത് പുതുപ്പളളി പളളിക്കു മുന്നില്‍ ഏകനായി പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രമായിരുന്നു ആരാധകരുടെ മറുപടി.

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ കൊടുങ്കാറ്റുകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് നിന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം തുടക്കമിട്ട ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേട്ട് പരിഹാരം കാണുന്ന ജനസമ്പര്‍ക്ക പരിപാടി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ്.

തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ജനങ്ങളുടെ നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏത് നേരത്തും സമീപിക്കാവുന്ന നേതാവ്. വളരെ കുറച്ചു മാത്രം ഉറങ്ങി ബാക്കി സമയം ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച ജനനായകന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കല്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാകുന്നതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.