കോട്ടയം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് ഇത്തവണത്തെ തിരുനാളാഘോഷം. ജൂലൈ 19 ന് തിരുനാളിന് കൊടിയേറും. 28 നാണ് പ്രധാന തിരുനാള്‍.
കേരളത്തിലെ മൂന്നു റീത്തുകളിലെയും ബിഷപ്പുമാര്‍ തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവ ഉണ്ടാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ധാരാളം തീര്‍ഥാടകരാണ് വി. അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാനും നേര്‍ച്ചകാഴ്ചകളര്‍പ്പിക്കാനുമായി എത്തുന്നത്.
19 ന് രാവിലെ 11.15 ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാള്‍ ദിവസം മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30, രാവിലെ 6.45, 8.30, 11, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും.
തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം ഇടവക ദേവാലയം ചുറ്റി തിരികെ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്ന രീതിയിലാണ് പ്രദക്ഷിണം. 27 ന് വൈകുന്നേരം മെഴുകുതിരി പ്രദക്ഷിണം ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് അല്‍ഫോന്‍സാമ്മയുടെ മഠത്തിലെത്തി തിരികെ തീര്‍ഥാടന കേന്ദ്രത്തിലെത്തും. പ്രധാന തിരുനാള്‍ ദിവസമായ 28 ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30വരെ 16 വിശുദ്ധ കുര്‍ബാനകളാണ് ഉള്ളത്. രാത്രി 9.30 നുള്ള വിശുദ്ധ കുര്‍ബാന പ്രവാസികള്‍ക്ക് വേണ്ടിയാണ്.
ഭരണങ്ങാനത്തിന്റെ സഹനപുഷ്പം
കുടമാളൂര്‍ ഇടവകയില്‍, ആര്‍പ്പുക്കര പ്രദേശത്ത് മുട്ടത്തുപാടത്തു യൗസേപ്പ്-മറിയം ദമ്പതികളുടെ നാലാമത്തെ മകളാണ് അന്നക്കുട്ടി. അവള്‍ അതീവ സുന്ദരിയായിരുന്നു. ജനനത്തിന്റെ ഒന്‍പതാം ദിവസം തന്നെ അവള്‍ക്കു മാമ്മോദീസാ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി. ആ കുടുംബം പരമാനന്ദത്തിലായി. പക്ഷെ, അവരുടെ സന്തോഷം വളരെ കുറച്ചൊരു കാലമേ നീണ്ടുനിന്നുള്ളു. അന്നക്കുട്ടിയുടെ അമ്മ അകാലമൃത്യു വരിച്ചു.
ഒരു മാസംകഴിഞ്ഞ് പേരമ്മ അന്നക്കുട്ടിയെ മുട്ടുചിറയിലെ മുരിക്കന്‍ കുടുംബത്തിലേക്ക് കൊണ്ടുപോയി. പേരമ്മ അന്നക്കുട്ടിയെ പൊന്നുപോലെ വളര്‍ത്തി. കുരിശുവരയ്ക്കാനും പ്രാര്‍ത്ഥിക്കാനുമൊക്കെ അവളെ പഠിപ്പിച്ചത് ഈ പേരമ്മയാണ്. ഏകദേശം മൂന്നു വയസുള്ളപ്പോള്‍ രോഗം പിടിപെടുകയാല്‍ ചികിത്സാര്‍ത്ഥം അന്നക്കുട്ടിയെ കുടമാളൂരിലേക്ക് തിരികെ കൊണ്ടുപോകുകയും സിദ്ധവൈദ്യനായ സ്വന്തം പിതാവിന്റെ ചികിത്സയില്‍ അവള്‍ പൂര്‍ണ സൗഖ്യം പ്രാപിക്കുകയും ചെയ്തു.
1916 മെയ് 16 ന് അന്നക്കുട്ടി കുടമാളൂരിനടുത്തുള്ള ആര്‍പ്പൂക്കര തൊണ്ണന്‍കുഴി ഗവ. സ്‌കൂളില്‍ ചേര്‍ന്നു. 1917 നവംബര്‍ 27 ന് കൂടമാളൂര്‍ പള്ളിയില്‍വച്ച് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മൂന്നാം ക്ലാസ് കഴിഞ്ഞ് തുടര്‍ന്നുള്ള പഠനത്തിനായി അന്നക്കുട്ടിയെ മാതൃസഹോദരി അന്നമ്മ വീണ്ടും മുട്ടുചിറയിലേക്കു കൊണ്ടുവന്നു. അവിടെ ഗവ. സ്‌കൂളില്‍ ഏഴാം ക്ലാസ്വരെ വിദ്യാഭ്യാസം നടത്തി. അക്കാലത്ത് മാതൃസഹോദരിയില്‍ നിന്ന് അന്നക്കുട്ടിക്ക് ലഭിച്ച ശിക്ഷണം, അനുസരണത്തിന്റെയും സ്നേഹത്തിന്റെയും വിവേകത്തിന്റെയും വിത്തുകള്‍ അവളില്‍ പാകി, സുന്ദരിയും, സുശീലയും ഭക്തയും വിവേകമതിയുമായി വളര്‍ന്നുവന്ന ആ പെണ്‍കുട്ടി സഹപാഠികള്‍ക്കും അയല്‍ക്കാര്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടവളായി മാറി.
സന്യാസിനിയാകണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതല്‍ അവളില്‍ രൂഢമൂലമായിരുന്നു. എന്നാല്‍ സുന്ദരിയായ അന്നക്കുട്ടിയെ ഒരു നല്ല കുടുംബത്തില്‍ വിവാഹം ചെയ്തയയ്ക്കാനാണ് പേരമ്മ ആഗ്രഹിച്ചത്. ഒരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. മനസമ്മതത്തിനു പോകേണ്ട ദിവസമായി. വിവാഹത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വീടിന്റെ പിന്‍ഭാഗത്തുള്ള ചാരക്കുഴിയിലെ കനലില്‍, കാല്‍ അല്പം പൊള്ളിക്കാന്‍ അന്നക്കുട്ടി തീരുമാനിച്ചു. പക്ഷേ ഈ ശ്രമത്തില്‍ അവള്‍ തീയിലേയ്ക്ക് വഴുതിവീണ് രണ്ടു കാലും പൊള്ളുന്നതിനിടയായി. അതോടെ വിവാഹം മുടങ്ങി. സന്യാസിനിയാകാന്‍ അങ്ങനെ അവള്‍ക്ക് അനുമതി കിട്ടി.
1927 ലെ പന്തക്കുസ്താനാളില്‍ അന്നക്കുട്ടി ഭരണങ്ങാനത്തുള്ള ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയില്‍ ചേര്‍ന്നു. 1928 ആഗസ്റ്റ് രണ്ടിന് അവള്‍ ശിരോവസ്ത്രം സ്വീകരിച്ച് 'അല്‍ഫോന്‍സ' ആയി. ഉപരിപഠനത്തിന് ശേഷം 1930 മെയ് 19 ന് അവള്‍ സഭാ വസ്ത്രം സ്വീകരിച്ചു. 1932 ല്‍ കുറച്ചുകാലം വാകക്കാട് സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കി. ഒരു വര്‍ഷത്തെ കാനോനിക നോവിഷ്യറ്റിനുശേഷം 1936 ആഗസ്റ്റ് 12 ന് നിത്യവ്രത വാഗ്ദാനം ചെയ്ത് സിസ്റ്റര്‍ അല്‍ഫോന്‍സ ഈശോയുടെ സ്വന്തമായിത്തീര്‍ന്നു.
കന്യകാലയത്തില്‍ പ്രവേശിച്ചത് മുതല്‍ മരണം വരെ സിസ്റ്റര്‍ അല്‍ഫോന്‍സാ രോഗിണിയായിരുന്നു. കഠോരമായ രോഗങ്ങളാലും മാനസിക വേദനയാലും അവള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. ഈശോയോടുള്ള സ്നേഹത്താല്‍ നിറഞ്ഞ് തന്റെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനായി തന്റെ എല്ലാ സഹനങ്ങളും കാഴ്ചവച്ചു. ഒരിക്കലും ഒന്നിനും പരാതിപ്പെട്ടിരുന്നില്ല. അല്‍ഫോന്‍സായുടെ സഹനജീവിതത്തെ 'സ്നേഹബലി' എന്ന ഒറ്റവാക്കില്‍ സംഗ്രഹിക്കാം. 1946 ജൂലൈ 28 ന് അല്‍ഫോന്‍സാമ്മ തന്റെ സഹനബലി പൂര്‍ത്തിയാക്കിക്കൊണ്ട് സഹനത്തിന്റെ മഹത്വകിരീടം പ്രാപിച്ചു.
സഹനങ്ങള്‍ ഇല്ലാതാക്കാനല്ല സഹനങ്ങളെ സ്വീകരിച്ച് അതിലൂടെയുള്ള ദൈവാനുഭവം സ്വീകരിക്കാനാണ് അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26