തൊണ്ണൂറ്റി ഒന്നാം മാർപ്പാപ്പ വി. സഖാറി (കേപ്പാമാരിലൂടെ ഭാഗം-91)

തൊണ്ണൂറ്റി ഒന്നാം മാർപ്പാപ്പ വി. സഖാറി (കേപ്പാമാരിലൂടെ ഭാഗം-91)

ഗ്രീക്ക് വംശജനായ അവസാനത്തെ മാര്‍പ്പാപ്പ, തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ചക്രവര്‍ത്തിയേയും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിനെയും ഔദ്യോഗികമായി അറിയിച്ച അവസാനത്തെ മാര്‍പ്പാപ്പ. ഈ നിലകളില്‍ തിരുസഭാചരിത്രത്തില്‍ വിശേഷാല്‍ സ്ഥാനമുള്ള പാപ്പായാണ് തിരുസഭയുടെ തൊണ്ണൂറ്റിയൊന്നാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സഖാറി മാര്‍പ്പാപ്പ. ഗ്രിഗറി മൂന്നാമന്‍ പാപ്പായുടെ പിന്‍ഗാമിയായി ഏ.ഡി. 741 ഡിസംബര്‍ 10-ാം തീയതി സഖാറി പാപ്പാ തിരഞ്ഞെടുക്കപ്പെട്ടു.

കലുഷിതമായ ഒരു കാലഘട്ടത്തിലെ പേരുകേട്ട നയതന്ത്രജ്ഞനും സമാധാന സംരക്ഷകനുമായിട്ടാണ് സഖാറി മാര്‍പ്പാപ്പ അറിയപ്പെടുന്നത്. തന്റെ നയതന്ത്ര പാടവത്തിലൂടെ പാപ്പാ ലൊംബാര്‍ഡുകളും വടക്കേ ഇറ്റലിയും തമ്മിലുള്ള ബന്ധവും സമാധാനവും പുനഃസ്ഥാപിച്ചു. മാര്‍പ്പാപ്പായുടെ അനുനയ ശ്രമത്തിലൂടെ ലൊംബാര്‍ഡുകള്‍ പിടിച്ചെടുത്ത സഭാസ്വത്തുകള്‍ തിരികെ ലഭിക്കുകയും യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും എട്ടു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ലൊംബാര്‍ഡ് രാജാവ് അതിര്‍ത്തി വിപുലീകരണ നയങ്ങള്‍ വീണ്ടും ബലപ്പെടുത്തി. ഏ.ഡി. 751-ല്‍ ലൊംബാര്‍ഡുകള്‍ റവേന്നയെ കീഴ്‌പ്പെടുത്തി തങ്ങളുടെ അധീനതയിലാക്കുകയും റോമിനു നേരെ തിരിയുകയും ചെയ്തു.

പാശ്ചാത്യസാമ്രാജ്യത്തിന്റെ തലസ്ഥാനമായ റവേന്നയെ ആക്രമിക്കുവാനുള്ള ഉദ്യമത്തില്‍നിന്നും ലൊംബാര്‍ഡുകളെ പിന്തിരിപ്പിക്കുന്നതിന് മാര്‍പ്പാപ്പ വഹിച്ച പങ്ക് റോമും കോണ്‍സ്റ്റാന്റനോപ്പിളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനു സഹായമായി. ഐക്കോണക്ലാസത്തെക്കുറിച്ചുള്ള നിലപാടുകളില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അയവുവരുത്തുവാന്‍ പാപ്പായും ചക്രവര്‍ത്തിയും പരിശ്രമിച്ചു. മാത്രമല്ല, ലൊംബാര്‍ഡുകളെ റവേന്നയെ ആക്രമിക്കുന്നതില്‍ നിന്ന് പിന്തരിപ്പിച്ചതിന്റെയും അട്ടിമറിയിലൂടെ സിംഹാസനം തട്ടിയെടുത്തയാളെ നിയമാനുസൃതമായ ചക്രവര്‍ത്തിയായി അംഗീകരിക്കുവാന്‍ കൂട്ടാക്കാതിരുന്നതിന്റെയും പ്രതിഫലമെന്നോണം തെക്കേ ഇറ്റലിയിലെ രണ്ടു വലിയ എസ്റ്റേറ്റുകള്‍ ചക്രവര്‍ത്തി മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചുു.

തന്റെ മുന്‍ഗാമികളായ ഗ്രിഗറി രണ്ടാമന്‍ പാപ്പായെയും ഗ്രിഗറി മൂന്നാമന്‍ പാപ്പായെയും പോലെ സഖാറി പാപ്പായും ബോണിഫെസിന്റെ നേതൃത്വത്തിലുള്ള ജര്‍മ്മനിയിലെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കി. ബോണിഫെസ് മെത്രാപ്പോലീത്തായുടെ അഭ്യര്‍ത്ഥന മാനിച്ച് സഖാറി മാർപ്പാപ്പ ജര്‍മ്മനിയില്‍ മൂന്ന് രൂപതകള്‍ സ്ഥാപിക്കുകയും മെത്രാന്മാരെ നിയമിക്കുകയും ചെയ്തു. അതുപോലെതന്നെ ബോണിഫെസ് നിയമിച്ച മറ്റു മൂന്നു മെത്രാന്മാരെ പാപ്പാ അംഗീകരിക്കുകയും ചെയ്തു. ബോണിഫെസിന്റെ പ്രയത്‌നഫലമായി റോമും ഫ്രാങ്കുകളുടെ വിശ്വാസിസമൂഹവും രാജ്യവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി.

ഫ്രാങ്ക് വംശത്തിന്റെ രാജാവായ ചാള്‍സ് മാര്‍ട്ടെലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ പെപ്പിന്‍ മൂന്നാമന്‍ തന്റെ രാജകീയ പദവി സംബന്ധിച്ച് സഖാറി മാർപ്പാപ്പായോട് ഒരു തീര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ രാജകീയ പദവി, അധികാരം ഫലപ്രദമായി വിനയോഗിക്കുന്നവരുടെമേല്‍ നിഷിപ്തമായിരിക്കുന്നതാണ് നല്ലത് അല്ലാതെ അത്തരമൊരു തലക്കെട്ട് മാത്രമുള്ളവര്‍ക്കല്ലായെന്ന് പാപ്പാ തീര്‍പ്പുകല്പ്പിച്ചു. അതിനെതുടര്‍ന്ന് മെരോവിന്‍ജിയന്‍ തലമുറയില്‍നിന്നുള്ള അവസാനത്തെ രാജാവ് നിഷ്‌കാസിതനാക്കപ്പെടുകയും പേപ്പല്‍ അംഗീകാരത്തോടെ പെപ്പിന്‍ മൂന്നാമന്‍ രാജാവായി ഏ.ഡി. 751 നവംബര്‍ മാസത്തില്‍ സൊസ്സിയന്‍സില്‍വെച്ച് അവരോധിക്കപ്പെടുകയും ചെയ്തു. അങ്ങനെ കരോലിന്‍ജന്‍ രാജകീയവംശത്തിന് തുടക്കമായി. മെരോവിന്‍ജിയന്‍ തലമുറയില്‍നിന്നും കരോലിന്‍ജന്‍ തലമുറയിലേക്കുള്ള അധികാരമാറ്റത്തിന് പാപ്പാ നല്‍കിയ പിന്തുണ പില്‍ക്കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ചക്രവര്‍ത്തിയും മാര്‍പ്പാപ്പയും തമ്മിലുള്ള ബന്ധത്തില്‍ അസാധാരണമാവിധം സ്വാധീനം ചെലുത്തി. ഇതുകൂടാതെ യൂറോപ്പിലെ പല ഭരണാധികാരികളും, ഭരണപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പ്പാപ്പയുടെ ഉപദേശം തേടുന്നത് പതിവായിരുന്നു. ഇത് ക്രിസ്തീയ വിശ്വാസം യൂറോപ്പില്‍ കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമാവുകയും മാര്‍പ്പാപ്പ രാഷ്ട്രീയപരമായും മതപരമായും കൂടുതല്‍ സ്വീകാര്യനായിത്തീരുകയും ചെയ്തു. പാശ്ചാത്യസാമ്രാജ്യത്തിലെ ഒഴിവാക്കാനാവാത്ത ഒരു രാഷ്ട്രീയമുഖമായി പാപ്പാ മാറുകയായിരുന്നു.

ജോണ്‍ ഏഴാമന്‍ പാപ്പാ പാലറ്റീന്‍ കുന്നിലേക്ക് മാറ്റിസ്ഥാപിച്ച പേപ്പല്‍ വസതി, സഖാറി മാർപ്പാപ്പ വീണ്ടും ലാറ്ററന്‍ ബസിലിക്കയിലേക്ക് മാറ്റി സ്ഥാപിച്ചു. ഇന്നും ലാറ്ററന്‍ ബസിലിക്കയാണ് റോമിന്റെ മെത്രാന്റെ ഭദ്രാസനം. പണ്ഡിതനായിരുന്ന സഖാറി പാപ്പാ മഹാനായ ഗ്രിഗറി പാപ്പായുടെ ഡയലോഗ്‌സ് എന്ന ഗ്രന്ഥം ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്യുകയും പൗരസ്ത്യസഭയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ സഖാറി മാർപ്പാപ്പയ്ക്ക് പ്രമുഖ സ്ഥാനം നേടിക്കോടുത്തത് അദ്ദേഹത്തിന്റെ അഭയാര്‍ത്ഥികളോടുള്ള സമീപനമാണ്. അനേകം അടിമകളെ മോചനദ്രവ്യം കൊടുത്ത് പാപ്പാ മോചിപ്പിച്ചു.

ഏ.ഡി. 752 മാര്‍ച്ച് 22-ാം തീയതി സഖാറി മാർപ്പാപ്പ ദിവംഗതനായി. പാപ്പായുടെ ഭൗതീക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.


മറ്റ് മാർപ്പാപ്പമാരെ പറ്റിയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.