'ഓരോ കുഞ്ഞും ദൈവത്തില്‍നിന്നുള്ള അത്ഭുതം'; ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പരസ്യവുമായി ഡയപ്പര്‍ നിര്‍മാണ കമ്പനി

'ഓരോ കുഞ്ഞും ദൈവത്തില്‍നിന്നുള്ള അത്ഭുതം'; ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പരസ്യവുമായി ഡയപ്പര്‍ നിര്‍മാണ കമ്പനി

കാലിഫോര്‍ണിയ: ഓരോ കുഞ്ഞു ജീവനും അമൂല്യമാണെന്ന ബോധ്യം പകരുന്ന ഹൃദ്യമായ പരസ്യവുമായി അമേരിക്കയിലെ ഡയപ്പര്‍ നിര്‍മാണ കമ്പനി. ഡയപ്പറുകളും വൈപ്പുകളും ഉള്‍പ്പെടെയുള്ള ശിശു സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എവരി ലൈഫ് കമ്പനിയുടെ പുതിയ പരസ്യമാണ് മനുഷ്യ സ്‌നേഹികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

'ഓരോ കുഞ്ഞിനും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കാരണം, ഓരോ കുഞ്ഞും ദൈവത്തില്‍ നിന്നുള്ള ഒരു അത്ഭുതമാണ്, അവര്‍ സ്‌നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും പിന്തുണയ്ക്കപ്പെടാനും അര്‍ഹരാണ് - കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു.

ജീവിതത്തിന്റെ സൗന്ദര്യം ആഘോഷിക്കുന്ന പരസ്യം ഇങ്ങനെ ആരംഭിക്കുന്നു - 'നിരവധി കമ്പനികള്‍ തെറ്റിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍, ഞങ്ങള്‍ ശരിയായത് ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്നു. ഓരോ ജീവനും ദൈവത്തില്‍ നിന്നുള്ള അത്ഭുതമാണ്. അത് ആണോ പെണ്ണോ ആകട്ടെ കറുപ്പോ വെളുപ്പോ ആകട്ടെ, ആസൂത്രിതമോ അല്ലാത്തതോ ആകട്ടെ, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ ആകട്ടെ... അത് ദൈവത്തിന്റെ സമ്മാനമാണ്'.



ഒരു സ്ത്രീ അള്‍ട്രാസൗണ്ട് പരിശോധന നടത്തുമ്പോള്‍ തന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കാണുന്നതും പ്രസവശേഷം തന്റെ കുഞ്ഞിനെ ആദ്യമായി കൈകളിലേക്ക് ഏറ്റുവാങ്ങുന്നതും പിതാവ് കുഞ്ഞിനായി തൊട്ടിലൊരുക്കുന്നതും ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ഭര്‍ത്താവ് ചെവിയോര്‍ക്കുന്നതുമായ മനോഹരമായ നിമിഷങ്ങളാണ് പരസ്യത്തില്‍ കാണിക്കുന്നത്.

'ഇവിടെ ഓരോ ജീവിതവും ആഘോഷിക്കപ്പെടുന്നു. ഡയപ്പറുകള്‍ മാറുന്നിടത്ത് ജീവിതം മാറുന്നു - പരസ്യം അവസാനിക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിലും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളിലും അടിയുറച്ചു വിശ്വാസിക്കുന്ന ഒരു സംഘം മാതാപിതാക്കളാണ് എവരി ലൈഫ് കമ്പനി സ്ഥാപിച്ചത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കായി ജീവിതം മാറ്റിവെച്ച മാതാപിതാക്കളുടെ കഥകളാണ് ഇവരില്‍ സ്വാധീനം ചെലുത്തിയത്. അതേസമയം, തങ്ങളുടെ മൂല്യങ്ങളെ മാനിക്കാത്ത കമ്പനികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടിവരുന്നതും ഇവരെ അസ്വസ്ഥരാക്കി. തുടര്‍ന്നാണ് കുഞ്ഞുജീവനുകളെ സ്വീകരിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ഒരു കമ്പനി ആരംഭിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

'ഞങ്ങളെ ബഹുമാനിക്കാത്ത കമ്പനികളെ പിന്തുണയ്ക്കുന്നത് ഇനിയും തുടരാനാവില്ല. അവരുടെ അജണ്ടകള്‍ ഞങ്ങളുടെയും യുവജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ദശലക്ഷക്കണക്കിന് നിരപരാധികളായ, ദൈവത്തിന്റെ ദാനങ്ങള്‍ ലാഭക്കണക്കുകളുടെ മറവില്‍ തുടച്ചുനീക്കപ്പെടുന്നത് കണ്ടു മടുത്തു' - കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു.

'ഒരു കാരണത്തിനായി വാങ്ങുക' എന്നതാണ് എവരി ലൈഫിന്റെ ആശയം. അതിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങി മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനും കമ്പനി പ്രേരിപ്പിക്കുന്നു.

രണ്ട് പ്രോ-ലൈഫ് സ്ഥാപനങ്ങളായ ലൈവ്ആക്ഷന്‍, സേവ് ദി സ്റ്റോര്‍ക്സ് എന്നിവയുടെ പങ്കാളിത്തത്തില്‍ അത്യാവശ്യമായ ശിശു ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ള കുടുംബങ്ങളെ കമ്പനി സഹായിക്കുകയും ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.