കൃത്രിമ ബുദ്ധിയുടെ സഹായത്താല്‍ മുഖം തിരിച്ചറിയാന്‍ സംവിധാനം; കേരള പൊലീസ് കണ്ടെത്തിയത് പിടികിട്ടാപുള്ളിയെ

കൃത്രിമ ബുദ്ധിയുടെ സഹായത്താല്‍ മുഖം തിരിച്ചറിയാന്‍ സംവിധാനം; കേരള പൊലീസ് കണ്ടെത്തിയത് പിടികിട്ടാപുള്ളിയെ

തിരുവനന്തപുരം: കേരള പൊലീസ് വികസിപ്പിച്ചെടുത്ത പൊലീസ് ആപ്ലിക്കേഷനായ ഐകോപ്‌സില്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം (Face Recognition System) ആരംഭിച്ചു. കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ സംവിധാനത്തിലൂടെ തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുള്ളൂര്‍ക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണ ശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ വടക്കാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. നിരവധി കേസുകളിലെ പ്രതിയായ കാദര്‍ ബാഷ @ ഷാനവാസിനെയാണ് പിടികൂടിയതെന്ന് വടക്കാഞ്ചേരി പൊലീസിന് മനസിലായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും, പല കോടതികളില്‍ പിടികിട്ടാപുള്ളിയാണെന്നുള്ള വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ നിലവിലുള്ളതായും അറിയാന്‍ കഴിഞ്ഞു.

പിടികൂടിയ കുറ്റവാളി പൊലീസിന് മുന്നില്‍ വളരെ സാധുവായാണ് പെരുമാറിയത്. സംശയം തോന്നിയ പൊലീസ് മുഖം തിരിച്ചറിയല്‍ സംവിധാനത്തിലെ ക്രിമിനല്‍ ഗാലറി ഉപയോഗിച്ച് ഇയാളുടെ ചിത്രം തിരഞ്ഞപ്പോള്‍ കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു.

ഐകോപ്‌സ് ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് വ്യക്തിയുടെ ചിത്രം തിരയുന്ന സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പോലും ഫോട്ടോ എടുത്ത് നിമിഷനേരം കൊണ്ട് ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആള്‍മാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും മുഖം തിരിച്ചറിയല്‍ സംവിധാനത്തിന്റെ സഹായത്തോടെ സാധിക്കും. ഈ സോഫ്റ്റ്വെയര്‍ പൂര്‍ണമായും തയ്യാറാക്കിയിരിക്കുന്നത് സിസിറ്റിഎന്‍എസ് വിഭാഗത്തിലെ സാങ്കേതിക വിദഗ്ദരായ പൊലീസ് ഉദ്യോഗസ്ഥരാണ്.

ഇതേ സംവിധാനം ഉപയോഗിച്ച് വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ തന്നെ ഒരു അഞ്ജാത മൃതശരീരത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ച് പരിശോധിക്കാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.