'ബലാത്സംഗം ചെയ്ത് വയലില്‍ തള്ളി; ഇരുട്ടില്‍ ഒളിച്ച് രക്ഷപെടുകയായിരുന്നു': അനുഭവം വിവരിച്ച് മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട യുവതികള്‍

'ബലാത്സംഗം ചെയ്ത് വയലില്‍ തള്ളി; ഇരുട്ടില്‍ ഒളിച്ച് രക്ഷപെടുകയായിരുന്നു': അനുഭവം വിവരിച്ച്  മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട യുവതികള്‍

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുക്കി യുവതികളെ നഗ്‌നരാക്കി പൊതു നിരത്തിലൂടെ നടത്തിക്കുകയും ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത ശേഷം ഇരുവരെയും മരിക്കുന്നതിനായി ഒരു നെല്‍വയലില്‍ ഉപേക്ഷിരുന്നതായി ആക്രമിക്കപ്പെട്ട യുവതികളുടെ വെളിപ്പെടുത്തല്‍.

തുടര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനായി പിന്നീട് തങ്ങള്‍ ഇരുട്ടില്‍ ഒളിച്ച് രക്ഷപെടുകയായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തോട് ഇരുവരും പറഞ്ഞു.

സുരക്ഷിതമായ സ്ഥലം തേടി സ്വന്തം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെയാണ് 21 ഉം 42 ഉം പ്രായമുള്ള യുവതികളെ അക്രമികള്‍ പിടികൂടുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ കേട്ടാണ് യുവതികളും ബന്ധുക്കളും ഉള്‍പ്പെടെ ആ ഗ്രാമത്തില്‍ അവശേഷിച്ചിരുന്ന അവസാന കുക്കി സംഘം രക്ഷതേടി യാത്ര തുടങ്ങിയത്.

എന്നാല്‍ അക്രമികള്‍ അവരെ പിടികൂടി തൊട്ടടുത്ത നെല്‍വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. വൈകാതെ പൊലീസെത്തി അവരെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടെ വലിയൊരു സംഘം അക്രമികള്‍ പോലീസിനെ തടഞ്ഞു. നോംഗ്പോക് സെക്മായ് പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മാത്രമാണ് ഈ സംഭവം നടന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തി കുക്കി സംഘത്തെ അക്രമികള്‍ വീണ്ടും കൊണ്ടുപോയി.

പൊലീസില്‍ നിന്ന് പിടികൂടിയ ഉടന്‍ യുവതികളോട് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്ന് വയസുള്ള യുവതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇളയ സഹോദരനെ അവളുടെ മുന്നില്‍വെച്ചുതന്നെ തല്ലിച്ചതച്ചു കൊന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതികളെ ആ വയലില്‍ തന്നെ ഉപേക്ഷിച്ച് അക്രമികള്‍ പോയി.

പിന്നീട് രാത്രിയില്‍ സ്വന്തം ഗ്രാമത്തിലെത്തിയ അവര്‍ക്ക് അവിടെ ആരേയും കാണാന്‍ സാധിച്ചില്ല. അക്രമികളെ ഭയന്ന് എല്ലാവരും പലായനം ചെയ്തിരുന്നു. നിരാശരായ അവര്‍ പിന്നീട് ഇറോങ് ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങി. ഇതിനിടെ വനത്തിനുള്ളില്‍ ഒളിവിടത്തില്‍ തുടര്‍ന്ന അവര്‍ ഒടുവില്‍ സമാനമായി പലായനം ചെയ്യുന്ന സംഘത്തെ കണ്ടുമുട്ടി.

മെയ് അഞ്ചിന് അവര്‍ മറ്റൊരു ഗ്രാമത്തിലെത്തി. എന്നാല്‍ അവിടെയും ജനങ്ങളാരും ഉണ്ടായിരുന്നില്ല. അടുത്ത ദിവസം അവര്‍ നാഗ താംഗ്ഖുല്‍ എന്ന ഗോത്ര ഗ്രാമത്തിലെത്തി. ഒരാഴ്ച അവിടെ താമസിച്ചു. നാഗ താംഗ്ഖുലിലെ ഗ്രാമത്തലവന്‍ തൊട്ടടുത്തുള്ള ഗ്രാമങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് പൊലീസ് സ്റ്റേഷനിലെത്താനുള്ള സുരക്ഷയൊരുക്കിയത്.

മെയ് 18 ന് യുവതികള്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ യുവതികളെ നഗ്നമായി നടത്തിച്ച സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്യുന്നതുവരെ പൊലീസ് പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്. എന്നാല്‍ എല്ലാ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.