വിവാദ ഡൽഹി ഓർഡിനൻസിന് പകരം പുതിയ ബിൽ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

വിവാദ ഡൽഹി ഓർഡിനൻസിന് പകരം പുതിയ ബിൽ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: വിവാദമായ ഡൽഹി ഓർഡിനൻസിന് പകരം നിർമിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബിൽ വർഷകാല സമ്മേളനത്തിൽ തന്നെ പാർലമെൻ്റിൽ അവതരിപ്പിക്കും. 

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും സംബന്ധിച്ച അധികാരം കേന്ദ്രത്തിന് നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ ആദ്യം പുറത്തിറക്കിയ ഓർഡിനൻസ്. മെയ് 19 നാണ് ഈ ഓർഡിനൻസ് പുറപ്പെടുവിച്ചത്. 

ഇതിനെതിരെ ഡൽഹി സർക്കാർ സുപ്രിം കോടതിയെ സമീപ്പിച്ചു. വിധി ഡൽഹി സർക്കാറിന് അനുകൂലമായാൽ അതിനെ മറികടക്കാനാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം.

ലെഫ്റ്റ്നന്റ് ഗവർണർ വി.കെ. സക്‌സേന കൂടി ഉൾപ്പെട്ട സമിതിക്ക് ഉദ്യോഗസ്ഥരുടെ നിയമനാധികാരം നൽകിക്കൊണ്ടാണ് പുതിയ ബിൽ പുറത്തിറക്കിയത്.

ഭരണഘടനാ വിരുദ്ധമായ ഓർഡിനൻസ് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്ന ബിൽ അനുവദനീയമല്ലെന്ന് എഎപി എംപി രാഘവ് ഛദ്ദ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് എഴുതിയ കത്തിലൂടെ അറിയിച്ചു. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഡൽഹി സർക്കാരിന് കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി അതോറിറ്റി) കൊണ്ടുവന്നത്.

പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഓർഡിനൻസ് കൊണ്ടുവന്നത്.

കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെ ചോദ്യം ചെയ്ത് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. സേവനങ്ങളുടെ മേലുള്ള നിയന്ത്രണം എടുത്തുകളയാൻ നിയമം ഉണ്ടാക്കി കേന്ദ്രത്തിന് ഭരണത്തിന്റെ ഭരണഘടനാ തത്വങ്ങൾ റദ്ദാക്കാൻ കഴിയുമോ എന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.