ഭൂമി തിളച്ചു മറിയുന്നു; ആശങ്കയുടെ ​'ഗ്ലോബൽ ബോയിലിങ്' യു​ഗം എത്തിയതായി ഐക്യരാഷ്ട്ര സഭ

ഭൂമി തിളച്ചു മറിയുന്നു; ആശങ്കയുടെ ​'ഗ്ലോബൽ ബോയിലിങ്' യു​ഗം എത്തിയതായി ഐക്യരാഷ്ട്ര സഭ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്ത് വരാനിരിക്കുന്നത് അതികഠിന താപനിലയെന്ന് ലോക കാലാവസ്ഥ സംഘടന

വാഷിങ്ടൺ ഡിസി: ലോകം കടന്നു പോകുന്നത് കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളിലൂടെ. പല ഭാ​ഗങ്ങളിലും താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇതുവരെ റെക്കോർഡ് ചെയ്തിട്ടുള്ളതിൽ‌വെച്ച് ഏറ്റവും വലിയ ചൂടാണ് ജൂലൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ കാലവസ്ഥ മാറ്റത്തിൽ കടുത്ത ആശങ്കയിലാണ് ലോക രാജ്യങ്ങളും ഐക്യ രാഷ്ട്രസഭയും. ആശങ്കയുടെ ​ഗ്ലോബൽ ബോയിലിങ് യു​ഗം എത്തിയതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.

ലോകത്ത് ആഗോള താപനത്തിന്റെ യുഗം അവസാനിച്ചെന്നും അതിനപ്പുറത്തേക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം സംഭവിച്ചിട്ടുണ്ടെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ചൂട് ലഭിച്ച മാസം ജൂലൈ ആണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. മാറ്റങ്ങൾ പലതും ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്. താപനില വർധന 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തി കാലാവസ്ഥാ വ്യതിയാനത്തെ തടയാൻ ഇപ്പോഴും സാധിക്കുമെന്ന് അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയാണ്. അതോടെ ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിച്ചിരുന്നു. വടക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഭൂമിക്ക് വലിയ രീതിയിലുള്ള ഭീഷണിയുണ്ടാക്കുന്നുണ്ട്. ഇതിൽ മനുഷ്യരെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായുണ്ടായിട്ടുള്ള എല്ലാ പ്രവചനങ്ങളെയും ശരിവയ്ക്കുന്ന രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വായു ശ്വസിക്കാൻ പറ്റാതായിരിക്കുന്നെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോക നേതാക്കൾ ഉടൻ തന്നെ എന്തെങ്കിലും ചെയ്‌തേ പറ്റൂയെന്നും ഐക്യരാഷ്ട്ര സഭ മേധാവി കൂട്ടിചേർത്തു.

ആഗോള താപനം നിയന്ത്രിക്കുന്നതിൽ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് അന്റോണിയോ ഗുട്ടെറെസ് പല തവണ രംഗത്തെത്തിയിട്ടുണ്ട്. ലോകം ഗുരുതര വെല്ലുവിളികൾ നേരിടുന്ന ഈ പശ്ചാത്തലത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനം തടയാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനില വർധനവ് 1.5 ഡി​ഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്താനും ഏറ്റവും മോശമായ കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കാനും ഇപ്പോഴും സാധ്യമാണ്. പക്ഷേ പെട്ടന്നുള്ള നടപടിയിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

2023 ജൂലൈയിൽ ലോകത്ത് 1.5 ഡി​ഗ്രി സെൽഷ്യസ്‍ ചൂട് കൂടിയതായി ലീപ്‌സിഗ് സർവകലാശാലയിലെ കാർസ്റ്റെൻ ഹൗസ്‌സ്റ്റീൻ പറഞ്ഞു. ഈ മാസത്തെ താപനില അതിരുകടന്നതാണ്. ഇത് ഇപ്പോൾ തന്നെ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു തെക്കൻ യൂറോപ്പ്, വടക്കേ അമേരിക്ക, ചൈന എന്നിവിടങ്ങളിലും താപനിലയിൽ ക്രമാതീതമായ വർധനവ് ഉണ്ടായി.

അതേ സമയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്ത് വരാനിരിക്കുന്നത് അതികഠിന താപനിലയെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യൂഎംഒ) മുന്നറിയിപ്പ് നൽകി. അഞ്ച് വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷത്തെ താപനില നിലവിലെ റെക്കോഡ് പിന്നിടും. ഗ്ലോബൽ ആനുവൽ ടു ഡെക്കാഡൽ ക്ലൈമറ്റ് അപ്‌ഡേറ്റ് എന്ന റിപ്പോർട്ടിലാണ് സംഘടന ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. ഹരിതവാതക ഉദ്‌വമനം കുറയുന്നതിനാൽ വരും വർഷങ്ങളിൽ താപനില ഉയരാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻ വർഷങ്ങളിൽ 10 ശതമാനമായിരുന്ന താപനിലയിൽ 2017 നും 2021നും ഇടയിൽ പത്ത് ശതമാനമാണ് വർധനവുണ്ടായത്. താപനില ഓരോ വർഷത്തിലും 0.2 ഡി​ഗ്രി സെൽഷ്യസ് എന്ന തോതിൽ അധികരിച്ച് കൊണ്ടിരിക്കുകയാണെന്നും പഠനങ്ങൾ പറയുന്നു. കാലാവസ്ഥയിൽ ഇത്തരത്തിൽ വൻ മാറ്റങ്ങളുണ്ടാകുന്നത് ഭൂമിയിലെ മനുഷ്യരുടെ സ്വാധീനമാണെന്നാണ് വിലയിരുത്തൽ. ആഗോള താപനം അല്ലെങ്കിൽ ഗ്ലോബൽ വാമിങ്ങാണ് ഭൂമിയിൽ താപനില ഉയരാൻ കാരണമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.