തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ആകെ കേന്ദ്രം അനുവദിച്ച വായ്പാ പരിധിയില്‍ ഇനി ശേഷിക്കുന്നത് 4000 കോടി രൂപ മാത്രമാണ്. 2024 മാര്‍ച്ച് വരെ ഇത്രയും വായ്പകൊണ്ട് മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ്.
ഓണച്ചെലവ് മുന്‍നിര്‍ത്തിയാണ് പുതിയ കടമെടുക്കല്‍. ഓണത്തിന് ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ എണ്ണായിരം കോടിരൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ഇറക്കുന്ന രണ്ടായിരം കോടിയുടെ കടപ്പത്രങ്ങളുടെ ലേലം ഓഗസ്റ്റ് ഒന്നിനാണ്. ഒന്ന് മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കിത്തുടങ്ങണം. ഇതുകഴിഞ്ഞ് ക്ഷേമപെന്‍ഷന്‍, ബോണസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അഡ്വാന്‍സ്, മുടങ്ങിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണം, സപ്ലൈകോ, കെ.എസ്.ആര്‍.ടി.സി. എന്നിവയ്ക്ക് നല്‍കേണ്ട സഹായം കണ്ടെത്തണം.
ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളൂ. ഓണക്കാല ചെലവുകള്‍ നടത്താനായാലും അടുത്ത മാസങ്ങളില്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.
സംസ്ഥാനത്ത് മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യനാല് മാസങ്ങളില്‍ 16,000 കോടിയാണ് സര്‍ക്കാരിന് എടുക്കേണ്ടി വന്നത്. ജൂലൈയില്‍ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കേണ്ടി വന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സംസ്ഥാനത്തിനകത്തുനിന്ന് ആവശ്യത്തിന് വരുമാനമുണ്ടാകണം എന്നതാണ് ഒന്നാമത്തെ മാര്‍ഗം. അല്ലെങ്കില്‍ കേന്ദ്രം കൂടുതല്‍ വായ്പ അനുവദിക്കണം. നിലവില്‍ സംസ്ഥാനത്തിന് അകത്തു നിന്നുള്ള വരുമാനംകൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഒരു ശതമാനം വായ്പകൂടി അനുവദിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യം ആലോചിക്കുന്നില്ലെന്നാണ് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.