കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് കാലാവധി. ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയിരുന്നു. 11 മണിയോടെയാണ് മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. ആലുവ അഡീഷണല്‍ മജിസ്ട്രേറ്റ് ലതികയുടെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റും.
അസ്ഫാക്കിനെതിരെ കൊലപാതകവും പോക്സോയും അടക്കമുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് ബിഹാറിലേക്ക് പുറപ്പെട്ടേക്കും. പ്രതിയുടെ സ്വദേശം ബിഹാറാണെന്ന നിഗമനത്തിലാണ് യാത്ര. അസ്ഫാക്കിന്റെ ക്രിമിനല്‍ പശ്ചാത്തലവും മേല്‍വിലാസം സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കും. പ്രതി ബംഗ്ലാദേശിയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആലുവ തായ്ക്കാട്ടുകര ഐഡിയല്‍ സ്‌കൂള്‍ കോംപ്ലക്‌സില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാവിലെ എട്ടോടെ ആരംഭിച്ച പൊതുദര്‍ശനം മണിക്കൂറുകള്‍ നീണ്ടു. അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേര്‍ സ്‌കൂളിലേക്ക് എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. അന്നുതന്നെ പ്രതി അസ്ഫാക്ക് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കിലാക്കിയായിരുന്നു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.