പ്രതിഷേധത്തിനിടെ ഡല്‍ഹി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; പിന്തുണച്ച് ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും

പ്രതിഷേധത്തിനിടെ ഡല്‍ഹി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; പിന്തുണച്ച് ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ അനുകൂല വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സുപ്രീം കോടതി വിധിയെ മറികടക്കാനായി ബില്‍ കൊണ്ട് വരാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തു. എന്നാല്‍ ഡല്‍ഹിയെ സംബന്ധിച്ച് ഏത് നിയമനിര്‍മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ശബ്ദവോട്ടോടെ ലോക്‌സഭ അവതരണാനുമതി നല്‍കി.

ബില്ലില്‍ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവിന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ രംഗത്തെത്തി. നേരത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ക്ക് ബദലായി പുതിയ ഭരണസംവിധാനത്തിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മെയ് 19 നാണ് കേന്ദ്രം പുറത്തിറക്കിയത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജൂലൈ 25 നാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.