മ്യാന്മറില്‍ ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി പട്ടാള ഭരണകൂടം; അഞ്ച് കുറ്റങ്ങളില്‍ മാപ്പു നല്‍കി, മോചനം വൈകും

മ്യാന്മറില്‍ ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി പട്ടാള ഭരണകൂടം; അഞ്ച് കുറ്റങ്ങളില്‍ മാപ്പു നല്‍കി, മോചനം വൈകും

യാങ്കൂണ്‍: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് മാപ്പു നല്‍കി മ്യാന്‍മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. 33 വര്‍ഷം വരെ തടവു ലഭിക്കാവുന്ന 19 കുറ്റകൃത്യങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരുന്നത്.

ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7,000 കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നുവെന്നാണ് പട്ടാള ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഇതില്‍ സൂചിയും അവരുടെ കൂട്ടാളിയും മുന്‍ പ്രസിഡന്റുമായ വിന്‍ മിന്റും ഉള്‍പ്പെടും. എന്തുകൊണ്ടാണ് സൂചിക്ക് മാപ്പു നല്‍കാന്‍ ഭരണകൂടം തയ്യാറായത് എന്നതു സംബന്ധിച്ചോ അവര്‍ ഇനി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളിലോ വ്യക്തതയില്ല.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സൂചി സര്‍ക്കാരിനെ 2021-ലാണ് പട്ടാളം അട്ടിമറിക്കുന്നത്. പിന്നാലെ സൂചിക്ക് മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി. 78കാരിയായ സൂചിക്ക് മേല്‍ 19 കേസുകളാണ് പട്ടാള ഭരണകൂടം ചുമത്തിയിരുന്നത്. അഴിമതിയടക്കം ചുമത്തപ്പെട്ട നിരവധി കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

എല്ലാ കേസുകളിലുമായി ആകെ 33 വര്‍ഷം തടവുശിക്ഷയാണ് സൂചി നേരിടുന്നത്. ഇപ്പോള്‍ അഞ്ച് കുറ്റങ്ങളില്‍ നിന്ന് പട്ടാള ഭരണകൂടം മുക്തയാക്കിയതോടെ ശിക്ഷാ കാലാവധി കുറയും. ജയിലിലായിരുന്ന സൂചിയെ കഴിഞ്ഞ ദിവസം വീട്ടു തടങ്കലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുനല്‍കല്‍. അതേസമയം മ്യാന്മറില്‍ നാലാം തവണയും അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്. ആറു മാസത്തേക്ക് കൂടിയാണ് അടിയന്തരാവസ്ഥ നീട്ടിയത്.

മ്യാന്മറിലെ സ്വാതന്ത്ര്യസമര പേരാളിയും ആധുനിക മ്യാന്മറിന്റെ പിതാവുമായ ആങ് സാങ്ങിന്റെ മകളാണ് സൂചി. ദുരിതം നിറഞ്ഞ ബാല്യമായിരുന്നു സൂചിയുടേത്. സൂചിക്ക് രണ്ട് വയസുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്.

ഇന്ത്യയുടെ അംബാസിഡറായി സേവനമനുഷ്ഠിച്ചയാളാണ് സൂചിയുടെ അമ്മ ഖിന്‍ കീ. ഇന്ത്യയിലും ഓക്സഫോര്‍ഡ് സര്‍വ്വകലാശാലയിലുമായിട്ടായിരുന്നു സൂചിയുടെ പഠനം. അവിടെ വെച്ചാണ് സൂചി മൈക്കല്‍ ആരിസിനെ കണ്ടുമുട്ടിയത്. ശേഷം ഇവര്‍ വിവാഹിതരായി. 1988 വരെ ഒരു ശാന്തമായ ജീവിതമാണ് സൂചി നയിച്ചത്. അക്കാലത്താണ് അമ്മയ്ക്ക് അസുഖം കൂടിയതറിഞ്ഞ് സൂചി നാട്ടിലെത്തുന്നത്. എന്നാല്‍ അന്നത്തെ പട്ടാള മേധാവിയായിരുന്ന നെ വിന്നിന്റെ ക്രൂരതകള്‍ കണ്ട സൂചി പിന്നീട് മടങ്ങിപ്പോയില്ല.

അന്ന് മുതല്‍ ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമായുള്ള തന്റെ പോരാട്ടം സൂചി ആരംഭിച്ചു. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അഹിംസയിലൂന്നി നടത്തിയ പോരാട്ടങ്ങള്‍ക്കാണ് 1991 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. 1989 മുതല്‍ 21 വര്‍ഷത്തിനിടെ 15 വര്‍ഷവും അവര്‍ വീട്ടുതടങ്കലിലായിരുന്നു. 2010 ലാണ് രാജ്യാന്തര സമ്മര്‍ദങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ മോചിതയാകുന്നത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച് മ്യാന്മറിന്റെ ഭരണാധികാരിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.