ബൊളീവിയയിൽ 20 വർഷത്തിന് ശേഷം ഭരണമാറ്റം; സ്വാ​ഗതം ചെയ്ത് കത്തോലിക്കാ മെത്രാൻ സമിതി

ബൊളീവിയയിൽ 20 വർഷത്തിന് ശേഷം ഭരണമാറ്റം; സ്വാ​ഗതം ചെയ്ത് കത്തോലിക്കാ മെത്രാൻ സമിതി

‌ലാപാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ (MAS) രണ്ട് പതിറ്റാണ്ടോളം നീണ്ട ഭരണത്തിന് അവസാനമാകുന്നു. ഇടതുപക്ഷത്ത് നിന്നല്ലാതെ ഒരു പുതിയ പ്രസിഡ‍ന്റിനെ തിരഞ്ഞെടുക്കാനൊരുങ്ങുകയാണ് രാജ്യം.

ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ‌ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി റോഡ്രിഗോ പാസ് പെരേരയും മുൻ പ്രസിഡന്റ് ജോർജ് ക്വിറോഗയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുവരും ഒക്ടോബർ 19ന് നടക്കുന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടും. ഇരുപത് വർഷമായി അധികാരം പിടിച്ചുപറ്റിയിരുന്ന ഇടതുപക്ഷ ‘മൂവ്മെന്റ് ടുവേഡ് സോഷ്യലിസം’ (MAS) പാർട്ടിക്ക് വെറും മൂന്ന് ശതമാനം മാത്രമേ വോട്ടുകൾ നേടാനായുള്ളൂ.

“തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വന്ന മാറ്റത്തെ ബൊളീവിയൻ മെത്രാൻ സമ്മേളനം സ്വാഗതം ചെയ്തു. “ജനങ്ങളുടെ ജനാധിപത്യ പ്രതിബദ്ധത, പ്രത്യാശ, ഉത്തരവാദിത്തം എന്നിവയിലൂടെ രാജ്യം തന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള മഹത്തായ ചരിത്ര മുഹൂർത്തം അനുഭവിച്ചു. അതാണ് മുന്നോട്ടുള്ള വഴിക്കും മാതൃകയാകേണ്ടത്. “- മെത്രാൻമാർ പ്രസ്താവനയിലൂടെ അറിയിച്ചു.

“ഈ തിരഞ്ഞെടുപ്പ് രാജ്യത്ത് വലിയ മാറ്റത്തിനായി ആഗ്രഹിക്കുന്ന ബൊളീവിയക്കാരുടെ ശബ്ദമാണ്. ഇതോടെ ഒരു പുതിയ രാഷ്ട്രീയ അധ്യായം തുറക്കുന്നു.”- മെത്രാൻമാർ പറഞ്ഞു.

“ഈ നിർണായക നിമിഷങ്ങളിൽ ബൊളീവിയക്കാർ ഏകത്വം, ബഹുമാനം, ഐക്യദാർഢ്യം എന്നിവ നിലനിർത്തണം. നമ്മുടെ മാതൃഭൂമിയുടെ ചരിത്രത്തോടൊപ്പം ദൈവം എന്നും ഉണ്ടാകട്ടെ. എല്ലാ ബൊളീവിയക്കാർക്കും നല്ല ദിവസങ്ങൾക്കായി പരിശുദ്ധ അമ്മമറിയം ഇടപെടട്ടെ.” മെത്രാന്മാർ പറഞ്ഞു.

രാജ്യത്ത് നിലനിന്നിരുന്ന ഭക്ഷ്യക്ഷാമം, റെക്കോർഡ് വിലക്കയറ്റം, രാഷ്ട്രീയ സംഘർഷം, അക്രമവാതാവുകൾ എന്നിവക്കിടെയാണ് ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തത്. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൊളീവിയ കടന്നുപോകുന്നത്. ഡോളറിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം, കുതിച്ചുയരുന്ന പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. മുൻ ധനമന്ത്രിയായിരുന്ന ലൂയിസ് ആർസ് തൻ്റെ മുൻ ഉപദേഷ്ടാവായ ഇവോ മൊറേൽസിന്റെ നയങ്ങളാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നാണ് ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ, നിരവധി വോട്ടർമാർ മാറ്റത്തിനായി വോട്ട് ചെയ്യാനോ നിലവിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയെ പാഠംപഠിപ്പിക്കാനോ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.