വിശ്വാസ സത്യം ചരിത്ര സത്യം പോലെ പ്രധാനം; ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് വി.ഡി സതീശന്‍

 വിശ്വാസ സത്യം ചരിത്ര സത്യം പോലെ പ്രധാനം; ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചരിത്ര സത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. എരിതീയില്‍ എണ്ണയൊഴിക്കേണ്ടെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും സതീശന്‍ പറഞ്ഞു. ഒരു ശാസ്ത്രബോധവും ഒരു മതഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തതാണ്. പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. ആയുധം കൊടുത്ത പ്രസ്താവനയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ബിജെപി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം ഭരിക്കുന്ന സിപിഎം കുറച്ച് കൂടി ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവരും അത് ആളിക്കത്തിക്കാന്‍ ശ്രമിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് സിപിഎം നടത്തിയത്. ബിജെപിയും സിപിഎമ്മും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍
ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

സ്പീക്കര്‍ ആ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ കുറെക്കൂടി ജാഗ്രതയോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. അത് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായില്ല. മറ്റുള്ളവരുടെ വിശ്വസത്തിന് മുറിവേല്‍ക്കുന്നതായിപ്പോയി അദ്ദേഹത്തിന്റെ പ്രസ്താവന.

സ്പീക്കറും സിപിഎമ്മും ഈ വിഷയം വെള്ളം ഒഴിച്ച് അണയ്ക്കാനാണ് ശ്രമിക്കേണ്ടത്. എവിടെനിന്നാണോ ആ പ്രസ്താവന വന്നത് അവിടെ നിന്നാണ് അത് ഉണ്ടാവേണ്ടത്. സിപിഎം അതിനാവശ്യമായ ഉത്തരവാദിത്വത്തോടെയുള്ള നിലപാട് എടുക്കണമെന്നും സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.