കോട്ടയം: യു എ ഇ യിലെ റാസ് അൽ ഖൈമ ആശുപത്രിയിൽ ദീർഘ നാളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി തിരുത്തി സ്വദേശി സോജി സെബാസ്റ്റ്യനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ശക്തമായ വയറു വേദനയുമായി ഏപ്രിൽ 18 ന് ആശുപത്രിയിൽ എത്തിച്ച സോജി പെട്ടന്ന് അബോധാവസ്ഥയിലേക്ക് പോകുകയും മൂന്ന് മാസത്തോളം വേന്റിലേറ്റർ സഹായത്തോടെ കഴിയുകയുമായിരുന്നു. അവശനായ സോജിയെ നാട്ടിലെത്തിക്കാൻ ഭാരിച്ച തുക ആവശ്യമായിരുന്നതിനാൽ ബന്ധുക്കൾ അദ്ദേഹത്തെ നാട്ടിലെത്തിക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനം ആരോഗ്യ ഇൻഷുറൻസ് നൽകാതിരുന്നത് വിദഗ്ദ്ധ ചികിത്സയ്ക്ക് തടസമായി.
ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ യു എ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു മട്ടാഞ്ചേരി, തോമസ് പറമ്പത്ത്, ബിനോ ജേക്കബ്, ജോ കാവാലം, തുടങ്ങിയവരാണ് സോജിയെ നാട്ടിലെത്താൻ ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടത്തിയത്. ഒപ്പം ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി അംഗങ്ങളുടെ സഹായവും ലഭ്യമായപ്പോൾ സോജിയെ നാട്ടിലെത്തിക്കുന്ന കാര്യം വേഗത്തിലായി.
ഇന്ന് വെളുപ്പിനെ ദുബൈയിൽ നിന്ന് എമിരേറ്റ്സ് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച സോജിയെ പ്രത്യേകം തയാറാക്കിയ ആംബുലൻസിലാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകളം, ഗൾഫ് എക്സിക്യൂട്ടീവ് അംഗം ബിജു ഡൊമിനിക്, അതിരൂപതാ എക്സിക്യൂട്ടീവ് അംഗം ജെയിംസ് അരീക്കുഴി തുടങ്ങിയവർ മെഡിക്കൽ കോളേജിലെത്തി സോജിയെ സ്വീകരിക്കുകയും തുടർചികിത്സയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. 90 ദിവസത്തോളം സോജിയെ പരിചരിച്ച റാസ് അൽ ഖൈമയിലെ ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നിറകണ്ണുകളോടെയാണ് സോജിയെ നാട്ടിലേക്ക് യാത്രയാക്കിയത്. സുഖം പ്രാപിച്ച് വേഗം വീണ്ടും യു എ യിലേക്ക് മടങ്ങി വരണം എന്നവർ പറയുന്നുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.