പരാജയത്തിന്റെ കയ്പ്പു നീരുമായി ജെയ്ക് സി. തോമസ് വീണ്ടും അങ്കത്തിന്; പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും

പരാജയത്തിന്റെ കയ്പ്പു നീരുമായി ജെയ്ക് സി. തോമസ് വീണ്ടും അങ്കത്തിന്; പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ജെയ്ക് സി. തോമസ് ഇടത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജെയ്ക്കിന് സിപിഎം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ജെയ്ക്.

പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെന്നും ഇപ്പോഴേ അത് സംബന്ധിച്ച ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും സിപിഎം പറയുന്നുണ്ടെങ്കിലും അണിയറയില്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പഞ്ചായത്തുകളുടെ ചുമതല വിവിധ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയെന്നത് ഇതിന് ഒരു ഉദാഹരണമാണ്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കും പ്രത്യേക ഉത്തരവാദിത്തങ്ങള്‍ നല്‍കി പുതുപ്പള്ളിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ജെയ്ക് സി. തോമസ് തന്നെ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തയാഴ്ച പുതുപ്പള്ളിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജെയ്ക് സി. തോമസിനോട് മണര്‍കാട് കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തിക്കാനും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ലെ തിരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 9,044 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ഫലം അനുസരിച്ച് ഉമ്മന്‍ ചാണ്ടി 63,372 വോട്ടുകള്‍ നേടിയപ്പോള്‍ ജെയ്ക്ക് സി തോമസിന് 54,328 വോട്ടുകളാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.