അഭയ കേസിൽ വേറിട്ട ശബ്ദവുമായി ഏഷ്യാനെറ്റിന്റെ കവർ സ്റ്റോറി അവതാരകയായ സിന്ധു സൂര്യകുമാർ. വിധിയെ അതീവ ദുർബലം എന്ന് സിന്ധു വിശേഷിപ്പിക്കുന്നു. അഭയ കേസിൽ ഇപ്പോൾ സംഭവിച്ചത് നീതിയല്ല എന്ന് അഭിപ്രായപ്പെടുന്ന വലിയൊരു വിഭാഗം വിദഗ്ധർ ഇവിടെയുണ്ടെന്ന് പറയുന്ന അവതാരക പ്രതികളുടെ ഭാഗം പൊതുബോധത്തിൽ മുങ്ങി ഇല്ലാതായിപ്പോയി എന്ന കാര്യം നമ്മൾ ഗൗരവമായി കാണണമെന്ന് പറയുന്ന വീഡിയോ ഏറ്റുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം.
ഒരു വ്യക്തിക്കെതിരായ ആരോപണം അതുപോലെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ലെന്നും എന്നാൽ ആരോപണ വിധേയരാവരുടെ ഭാഗവും അതുപോലെ തന്നെ അവതരിപ്പിച്ചില്ലെങ്കിൽ അത് റിപ്പോർട്ടിങ് അല്ല മറ്റൊരു കുറ്റാരോപണമാണെന്ന അഭിപ്രായം സമൂഹത്തിൽ പ്രബലപ്പെടാൻ അഭയ കേസ് ഒരു കാരണമായിട്ടുണ്ട്.
ഒരു കേസിന്റെ രണ്ടു വശവും അവതരിപ്പിക്കാനുള്ള പരിശ്രമം നടത്തി എന്നതാണ് ഇത്തവണത്തെ കവർ സ്റ്റോറിയുടെ പ്രത്യേകത. സിസ്റ്റർ സെഫി ശസ്ത്രക്രിയയിലൂടെ കന്യാചർമം പുനർസൃഷ്ടിച്ചു എന്ന് ആരോപിക്കുന്നവർ ആ നാളുകളിൽ ഭാരതത്തിൽ ഈ ശസ്ത്രക്രിയ ഉണ്ടായിരുന്നില്ല എന്നതും സിസ്റ്റർ വിദേശത്തു പോയിട്ടില്ല എന്നതും ശ്രദ്ധിക്കാതെ പോകരുതെന്ന് സിന്ധു പറയുന്നു.
മിന്നൽ വെളിച്ചത്തിൽ കണ്ടു എന്ന രാജുവിന്റെ മൊഴിയല്ലാതെ ഫാ. തോമസ് കോട്ടൂരിനെതിരെ മറ്റൊരു തെളിവുമില്ല എന്നതും കവർ സ്റ്റോറി ചൂണ്ടിക്കാട്ടുന്നു. നാർക്കോട്ടിക് പരിശോധനയുടെ വീഡിയോ പുറത്തു വന്നപ്പോൾ പ്രഥമദൃഷ്ട്യാ എഡിറ്റ് ചെയ്ത വീഡിയോ എന്ന് വ്യക്തമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഏഷ്യാനെറ്റ് ആ വിഡിയോ പുറത്തുവിട്ടതെന്നു ഇപ്പോൾ സിന്ധു പറയുന്നു. നാർക്കോട്ടിക് പരിശോധന നടത്തിയ ഉദ്യോഗസ്ഥ പിന്നീട് ആരോപണ വിധേയയായി അന്വേഷണം നേരിടേണ്ടി വന്നിട്ടുള്ള ആളാണെന്നും ഇതിനോട് കൂട്ടിച്ചേർത്തു അവതരിപ്പിക്കുകയാണ് കവർസ്റോറി.
സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കാരണം സഭയുടെ പരാതിയാണെന്നു ഇതിൽ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സഭക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങളും അക്കമിട്ടു നിരത്തുന്നുവെങ്കിലും രണ്ടുവശവും കൃത്യമായി പറയുന്ന അഭിനന്ദനീയമായ റിപ്പോർട്ടിങ് ആണ് ഇത്തവണ കവർ സ്റ്റോറിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവെയുള്ള അവലോകനം.
അഭയാകേസ് കൊലപാതകമാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത് കത്തോലിക്കാ സഭയാണെന്നു തുടക്കം മുതലേ ഇക്കാര്യം നിരീക്ഷിക്കുന്നവർക്കറിയാം. അതുകൊണ്ടുതന്നെ മനഃപൂർവം തെളിവുകൾ നശിപ്പിക്കാൻ സഭ പരിശ്രമിച്ചു എന്ന് പറയുന്നതും അടിസ്ഥാന രഹിതമാണെന്ന് കൃത്യമായി വിവരങ്ങൾ ശേഖരിച്ചിട്ടുള്ളവർ പറയുന്നു.
ഇപ്പോൾ നടന്നത് നീതിയല്ല എന്ന് പറയുന്നതായി ഏഷ്യാനെറ്റ് കവർ സ്റ്റോറി ചൂണ്ടിക്കാട്ടിയ വിദഗ്ധർ ആരൊക്കെയാണ് ? 2009 ൽ കുറ്റാരോപിതർക്കു ജാമ്യം അനുവദിക്കുമ്പോൾ ജാമ്യം അനുവദിക്കുമ്പോൾ സിബിഐ യെ ശക്തമായി വിമർശിച്ച ജസ്റ്റിസ് ഹേമയുടെ വിധിവാചകം വളരെ പ്രധാനപ്പെട്ടതാണ്. ക്ളോസ് ചെയ്യാൻ ശ്രമിച്ച അന്വേഷണം ഇവിടം വരെ എത്തിച്ച സഭാധികാരികളെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവരാക്കി ചിത്രീകരിക്കാൻ ശ്രമിച്ചതിനെതിരെ 32 ,33 , 34 പാരഗ്രാഫുകളിൽ തെളിവുകൾ നിരത്തി ജസ്റ്റിസ് ചോദ്യം ചെയ്തിരുന്നു.
ഫോറൻസിക് വിദഗ്ധനായ ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രനാകട്ടെ മാധ്യമങ്ങൾ നിരത്തുന്ന ഫോറൻസിക് തെളിവുകളെല്ലാം അശാസ്ത്രീയവും തെറ്റുമാണെന്നു തുറന്നു പറയാൻ മടിച്ചില്ല. കുറ്റാരോപിതർ നിരപരാധികളാണെന്ന് പകൽപോലെ വ്യക്തമാക്കും വിധം ജസ്റ്റിൻ ജോർജ് എന്നൊരാൾ കാര്യങ്ങൾ വസ്‌തുനിഷ്‌ഠമായി ആദ്യം മുതൽ പഠിച്ചു അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ദൈവ വചനം പഠിച്ചവർ തെറ്റുചെയ്താൽ കൂടുതൽ കഠിനമായ ശിക്ഷക്ക് പാത്രീഭവിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. വൈദീകനോ കന്യാസ്ത്രീയോ തെറ്റുചെയ്താൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സഭാ വിശ്വാസികളുടെ അഭിപ്രായം. അതിനാൽതന്നെ വിശ്വസനീയമായ കേസുകളിൽ ഭരണാധികാരികളെ അനുകൂലിക്കുന്ന നിലപാടാണ് എന്നും സഭ കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ അഭയകേസിൽ വസ്തുനിഷ്ഠമായി പഠിക്കുന്നവരെല്ലാം കുറ്റാരോപിതരുടെ ഭാഗത്തേക്ക് മാറുന്ന കാഴ്ച ദൃശ്യമാണ്. മേല്പറഞ്ഞ വിദഗ്ധരൊന്നും കത്തോലിക്കർ അല്ലെന്നതും ശ്രദ്ധേയമാണ്.
നമ്പി നാരായണനെപ്പോലെ ഉന്നത നീതിപീഠം വരെ പോരാടേണ്ടി വന്നാലും അത് ചെയ്യണമെന്ന് വലിയൊരു ഭാഗം ആളുകളും ആവശ്യപ്പെടുന്നു. ഫാ ജോസ് പിതൃക്കയിൽ ഒരു കാലഘട്ടം വരെ യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും കുറ്റാരോപിതനായിരുന്നു. സമാനമായ രീതിയിൽ കുറ്റവിമുക്തരാക്കപ്പെട്ടാലും ദുരാരോപണത്തിന്റെ കറ മാഞ്ഞു പോകില്ല എന്ന സങ്കടകരമായ വസ്തുത ചൂണ്ടിക്കാണിക്കുന്ന സിന്ധുവിനെ പ്രശംസിക്കുന്ന വിശ്വാസികളുടെ എണ്ണം വർധിച്ചു വരുന്നത് നിഷ്കളങ്കരെന്നു വിശ്വസിക്കപ്പെടുന്നവർക്കുവേണ്ടി പോരാടുന്നവർ ഇന്നും ഉണ്ടെന്നതിന്റെ തെളിവാണ്.
എന്തൊക്കെയാണെങ്കിലും സിസ്റ്റർ അഭയ എന്ന പാവം പെൺകുട്ടിയുടെ അകാല വിയോഗം വിശ്വാസികൾക്കെന്നും തീരാ ദുഃഖം തന്നെയാണ്.
യൂദാസിന്റെ ഒറ്റുകാശോ ? സത്യത്തിന്റെ നൽപണമോ ? അടക്കരാജുവിന്റെ അബദ്ധം തെളിയിക്കുന്നതെന്തു ?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.