യൂദാസിന്റെ ഒറ്റുകാശോ ? സത്യത്തിന്റെ നൽപണമോ ? അടക്കരാജുവിന്റെ അബദ്ധം തെളിയിക്കുന്നതെന്തു ?

യൂദാസിന്റെ ഒറ്റുകാശോ ? സത്യത്തിന്റെ നൽപണമോ ? അടക്കരാജുവിന്റെ അബദ്ധം തെളിയിക്കുന്നതെന്തു ?

കത്തോലിക്കാ സഭ സത്യത്തിന്റെ കാവലാളും നന്മയുടെ നേർക്കാഴ്ചയുമാണെന്നു വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ദശലക്ഷക്കണക്കിനു വിശ്വാസികളെ ധർമ്മ സങ്കടത്തിലാക്കുന്ന വാർത്തയായി, കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾ അലട്ടിയ അഭയ കേസിനു വിരാമമിട്ടു കോടതി വിധി വന്നെത്തി. കുറ്റം ചെയ്തവരെ ന്യായീകരിക്കുവാൻ ആരും തയ്യാറല്ല. എങ്കിലും വിശ്വാസികളിൽ രണ്ടു പക്ഷമുണ്ടായി എന്നതാണ് സത്യസന്ധമായ അവലോകനം.

കോടതി വിധിയെ ആദരിക്കുമ്പോൾ തന്നെ ഈ വിധിക്കു ഒരു മറുവിധി തേടുവാനുള്ള സാധ്യതകൾ ഈ ജനാധിപത്യലോകത്തു ഉണ്ടെന്നതിനാൽ അതിനു പരിശ്രമിക്കണം എന്ന് പറയുന്നവരുടെ ശബ്ദം ഉയർന്നുവെങ്കിലും തികച്ചും ദുർബലമായി കാണപ്പെട്ടു. എന്നാൽ വിധിയുടെ പുനഃപരിശോധനക്കായി ശബ്ദമുയർത്തുന്നവരുടെ വാദത്തിനു പിന്ബലമേകുന്ന സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നു.

ഒറ്റ നിമിഷം കൊണ്ട് സത്യത്തിന്റെ കാവലാളായി മാറിയ, മാധ്യമങ്ങൾക്കു പ്രിയപ്പെട്ടവനായി തീർന്ന അടക്ക രാജുവാണ് കഥാപാത്രം. അയാൾ കള്ളം പറയും എന്ന് വരുത്തുവാൻ എന്നെ കള്ളനാക്കിയതാണ് എന്ന് അദ്ദേഹം പറയുമ്പോൾ പെട്ടെന്ന് അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാൽ താൻ കഞ്ചാവുപയോഗിച്ച് ലക്കില്ലാതെ നടക്കുമ്പോൾ കണ്ട കാര്യം സത്യമാണെന്നും വിശ്വസിക്കണമെന്നും പറയുമ്പോൾ അത് വിശ്വസിക്കാനാകുന്നില്ല എന്നതാണ് പലരും ഉന്നയിക്കുന്ന ആരോപണം.

ഈ വിവരം അയാൾ പരസ്യമായി പറയുന്നത് കോടതി വിധി വന്നതിനു ശേഷമാണ് എന്നതിനാൽ ആ വിധി പുനഃപരിശോധിക്കാൻ സാധ്യതയുണ്ടോ എന്ന് നോക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ശബ്ദം. ചാനൽ ലൈവിൽ വന്ന അടയ്ക്കാ രാജു എന്ന സാക്ഷി വികാര നിർഭരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയ ശേഷം പോരെ .. എന്നാൽ കാശു വച്ചേ എന്ന് പറയുന്ന ഭാഗം ലൈവ് അവസാനിപ്പിക്കുന്നതിന്റെ തൊട്ടു മുൻപിൽ ജനങ്ങൾ മുഴുവൻ കേട്ടു. ആ വീഡിയോ ശകലം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.

കാശുവാങ്ങി അഭിപ്രായം പറയുന്ന ഒരാൾ എങ്ങനെ ഇത്രയും പ്രമാദമായ കേസിൽ വിശ്വസനീയ സാക്ഷി ആകും എന്നാണ് സമൂഹത്തിൽ ഉയരുന്ന ഒരു ചോദ്യം. മിഥ്യാകാഴ്ചകൾ ഉണ്ടാകുന്ന മയക്കത്തിൽ ആയിരുന്ന ഒരാൾ, ആ മയക്കത്തിൽ കണ്ടതാണ് സത്യം എന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം ആളുകൾ, താൻ പറഞ്ഞ അഭിപ്രായത്തിനു കാശുചോദിച്ചു ചിരിപൊട്ടിക്കുന്ന വീരനായ സാക്ഷി ഇതെല്ലാം ശക്തമായ സംശയം ഉണർത്തുന്നു.

പഴയ ‘ സ് ‘ കത്തിയുടെ ഓര്‍മ വരുന്നു എന്നാണ് പുനഃപരിശോധനാ വേണം എന്ന് ആവശ്യപ്പെടുന്നവർ പറയുന്നത് .

അഭയാകേസ് നീണ്ടു പോയത് സഭയുടെ ഇടപെടല് കൊണ്ടല്ലേ എന്ന് ചോദിച്ചപ്പോൾ ഉയർന്ന മറുചോദ്യം ഇതായിരുന്നു. കേസ് നീണ്ടു പോയത് സഭയുടെ പിടിപാട് കൊണ്ടാണെങ്കിൽ സഭക്കെതിരായി വന്ന മറ്റു കേസുകളിൽ ഈ പിടിപാട് ദൃശ്യമാകാതെ പോയത് എന്തുകൊണ്ട് ? ഇത് കൊലപാതമാണെന്നു വാദിച്ചതും അന്വേഷണങ്ങൾക്കായി അധികാരികളുടെ പിന്നാലെ നടന്നതും സഭാധികാരികളായിരുന്നു എന്ന സത്യം മനഃപൂർവം ചില മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നതു കൂടെ ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടിവരും.

സഭക്കുള്ളിലാണ് കൊലപാതകികൾ എന്ന് അറിയുകയും കുറ്റവാളികളെ മറച്ചുവെക്കാൻ തത്രപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് സഭയെങ്കിൽ കേസന്വേഷണത്തിനുവേണ്ടി ഇത്രയും ശക്തമായി വാദിക്കുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാകുന്നത് അവിടെയാണ്. സഭ കുറ്റവാളികളിലേക്കെത്താൻ നിർബന്ധം ചിലത്തിയപ്പോൾ ഉയർന്നതാണ് കല്പിത കഥകളെന്നാണ് മറുവാദം.   

മുപ്പതു വര്‍ഷം മാറിമാറി വന്ന ഭരണാധികാരികളെല്ലാം ഒരുപോലെ കോട്ടയം രൂപതയുടെ കൈപ്പിടിയിൽ ഒതുങ്ങി എന്ന് വിശ്വസിക്കണോ അതോ ദുർബലമായ വാദങ്ങൾ സത്യമെന്നു വരുത്താൻ കാലമേറെ എടുത്തു എന്ന് വിശ്വസിക്കണോ ?

സി.അഭയയുടെ കൊലപാതകം നേരിൽ കണ്ടതിന് ശേഷം മോഷണം പോലും ഉപേക്ഷിച്ച് സത്യസന്ധനായി എന്ന് മാധ്യമങ്ങള്‍ പറയുന്നതിലെ മാധ്യമ താല്പര്യം ആരുടെയും ശ്രദ്ധയിൽ പെടുന്നില്ല.

ക്രിസ്തുമസിന് സഭയ്ക്ക് നൽകുന്ന ചാരിറ്റി സംഭാവന അടയ്ക്കരാജുവിന്റെ അക്കൗണ്ടിലേക്കു നൽകുവാൻ ആഹ്വാനം നൽകുന്ന പോസ്റ്ററുകളുടെ ഉത്ഭവസ്ഥാനം അന്വേഷിക്കേണ്ടത് തന്നെ. കേസിന്റെ മറവിൽ കേരളസഭയ്‌ക്കെതിരെ ഉറഞ്ഞാടുന്ന വർഗീയ പ്രതിലോമ ശക്തികളുടെ സാന്നിദ്ധ്യം കണ്ടില്ല എന്ന്നടിക്കാനാവുമോ ?

ദൈവത്തിന്റെ ഇടപെടൽ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന അടക്ക രാജുവിന്റെ പ്രകടനം സത്യത്തിലേക്ക് വിരൽ ചൂണ്ടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.