മാധ്യമ പ്രവര്‍ത്തകയെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച കേസ്: മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കീഴടങ്ങി

മാധ്യമ പ്രവര്‍ത്തകയെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച കേസ്: മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കീഴടങ്ങി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ കീഴടങ്ങി. മാനേജിങ് എഡിറ്റര്‍ മനോജ് കെ. ദാസ് നല്‍കിയ പരാതിയില്‍ സുദീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് കീഴടങ്ങല്‍.

2023 ജൂലൈ മൂന്നിനാണ് എസ്. സുദീപ് കേസിന് ആസ്പദമായ പോസ്റ്റിട്ടത്. പോസ്റ്റ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സിന്ധു സൂര്യകുമാറിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ കുറിപ്പിനെതിരെ വിമര്‍ശനമുയര്‍ത്തിയവരെ പോലും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സുദീപിന്റെ ഭാഗത്ത് നിന്ന് തുടര്‍ന്നും ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ. ദാസ് നല്‍കിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജൂലൈ 21 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊലീസ് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കേസിനാസ്പദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തത് എസ്. സുദീപിന്റെ പ്രൊഫൈലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങളില്‍ എസ്. സുദീപ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങള്‍ നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 2021 ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നത്. ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ സുദീപിനെതിരെ 2019 ഡിസംബറിലാണ് ഹൈക്കോടതി അന്വേഷണം ആരംഭിച്ചത്. 2020 ല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നു. 2021 ല്‍ സുദീപിന് സബ് ജഡ്ജി സ്ഥാനം രാജി വച്ച് ഒഴിയേണ്ടി വന്നു.

സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു സുദീപ് രാജി വച്ച് ഒഴിഞ്ഞത്. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ്. സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.