അതിജീവനത്തിനായി കേരളത്തിൽ ക്രൈസ്തവരുടെ ധ്രുവീകരണം

അതിജീവനത്തിനായി കേരളത്തിൽ ക്രൈസ്തവരുടെ ധ്രുവീകരണം

കൊച്ചി: കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ കേരളത്തില്‍ നാലില്‍ ഒരാള്‍ ക്രിസ്ത്യാനി ആയിരുന്നെങ്കില്‍ ഇന്ന് ഏഴില്‍ ഒന്നായിരിക്കുന്നു. രാഷ്ട്രീയത്തിലും ബിസിനസ്സിലും ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലും സാഹിത്യത്തിലും മറ്റും ഈ ക്രൈസ്തവരുടെ സ്വാധീനവും സാന്നിദ്ധ്യവും അസ്തമിച്ചുകൊണ്ടിരിക്കുന്നു.ക്രൈസ്തവ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കേരളീയ സമൂഹത്തിൽ പ്രകടമായിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്നു വേണ്ട വഴിയെ നടന്നു പോകുന്നവന് പോലും ക്രൈസ്തവരെ വിമർശിക്കാവുന്ന സാഹചര്യം സംജാതമായിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ മോഹന വാഗ്ദാനങ്ങൾ നല്കുന്നതല്ലാതെ ഒരു ക്രൈസ്തവനെയും പ്രധാന ഭരണ സംവിധാനത്തിലേക്ക് കൊണ്ട് വരാൻ പാർട്ടികൾ ശ്രമിക്കുന്നില്ല.  

കേരളത്തിൽ ക്രൈസ്തവ ധ്രുവീകരണത്തിന് കാരണമായ പ്രധാന കാര്യങ്ങൾ  

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സമരങ്ങളും അപവാദ പ്രചാരണങ്ങളും, ക്രൈസ്തവ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന അവസ്ഥ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തങ്ങളും പീഡനങ്ങളും, വന്യജീവികളുടെ വര്‍ധന നിയന്ത്രിക്കാനും മലയോര കര്‍ഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും തയ്യാറാകാത്ത സർക്കാർ നയങ്ങൾ, വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്താത്ത കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ നടപടികൾ, ബഫര്‍സോണ്‍ സംബന്ധിച്ച ആശങ്കകള്‍, വിഴിഞ്ഞം സമരത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള കാലതാമസം, ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളിലെ ഉദാസീനത, തുടങ്ങിയ പ്രധാനപ്പെട്ട ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾ ക്രൈസ്തവ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്.

 രാഷ്ട്രീയപാർട്ടികളുടെ ക്രൈസ്തവ അവഗണനക്ക് കനത്ത തിരിച്ചടി നൽകണം  

ക്രൈസ്തവ സഭകൾ കടുത്ത അവഗണന നേരിടുന്നുണ്ട്. തുല്യ പരിഗണന ക്രൈസ്തവർക്കും ലഭിക്കണം. പരിഗണന പ്രകടന പത്രികയില്‍ അടക്കം വ്യക്തമാക്കണം. ക്രൈസ്തവ സഭകളോട് അവഗണ തുടരുന്ന രീതിയാണ് പിന്തുടരുന്നതെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരും. പലപ്പോഴും ക്രൈസ്തവരെ അവഗണിക്കുന്ന രാഷ്ട്രീയ ശൈലിയാണ് പ്രമുഖ പാര്‍ട്ടികള്‍ സ്വീകരിച്ചു പോരുന്നത്. ഇനിയെങ്കിലും ന്യൂനപക്ഷ സംരക്ഷണം ക്രൈസ്തവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന വസ്തുത അംഗീകരിക്കാന്‍ രാഷ്ട്രീയനേതൃത്വം തയ്യാറാകണം. കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളുടെയും പ്രതിനിധികൾ രാഷ്ട്രീയമായി സംഘടിക്കേണ്ടതിന്‍റെ പ്രാധാന്യം ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും വേണം. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളരാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയകാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ, വ്യക്തമായ പദ്ധതി തയാറാക്കിയില്ലെങ്കില്‍ ക്രൈസ്തവർ തുടച്ചുനീക്കപ്പെടും എന്ന് എല്ലാവരും മനസ്സിലാക്കണം.

ക്രൈസ്‌തവ ധ്രുവീകരണം ഉണ്ടാകണം

തങ്ങൾക്കെതിരെ ഈ നാട്ടിലെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതി മെനഞ്ഞ ഗൂഡാലോചനകളും അവഗണനകളും തകർത്തു കൊണ്ട് സ്വന്തം വിശ്വാസത്തെയും സംസ്കാരത്തെയും ചേർത്ത് പിടിച്ച് മുന്നേറാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്ന ഒരു ധ്രുവീകരണം ക്രൈസ്തവരുടെ ഇടയിൽ ഉണ്ടാകണം. മാധ്യമങ്ങളോ അവർ നടത്തുന്ന ചർച്ചകളിൽ വന്നിരുന്ന് തോന്ന്യാസം പറയുന്ന സ്വയം പ്രഖ്യാപിത പണ്ഡിതരോ അല്ല ക്രൈസ്തവർ ഏങ്ങനെ ജീവിക്കണമെന്നും എന്തു നിലപാടെടുക്കണമെന്നും തീരുമാനിക്കേണ്ടത്. ഇത്തരക്കാർക്കൊന്നും ക്രൈസ്തവരുടെ മേൽ യാതൊരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതാണ് ക്രൈസ്തവർ ഈ അടുത്തകാലത്ത് നടത്തുന്ന ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും.

ക്രൈസ്തവ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികൾക്ക് തിരിച്ചടി നൽകണം

മധ്യ കേരളത്തിലെ ചില ജില്ലകളിൽ ക്രൈസ്തവ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കൈക്കൊള്ളുന്ന പാർട്ടികൾക്കെതിരെ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നൽകാൻ ക്രൈസ്തവർ ഒന്നിക്കും. ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവമതനേതാക്കളെ വിമർശിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് യാതൊരു വിധത്തിലുള്ള സഹായങ്ങൾ ക്രൈസ്തവരുടെ ഭാഗത്തു നിന്നുണ്ടാകാതിരിക്കാൻ ക്രൈസ്തവരായ വോട്ടർമാർ ഒരുമിച്ചു നിൽക്കും.  

ഭരണ കേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം എന്നിവയൊക്കെ ക്രൈസ്തവരുടെയിടയിൽ ചർച്ചകൾക്ക് വിധേയമാക്കപ്പെടേണ്ട കാര്യങ്ങളാണ്. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുക. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ അവസരത്തിൽ തയ്യാറാകണം.

മാധ്യമങ്ങളുടെയോ,രാഷ്ട്രീയക്കാരുടയോ, മറ്റ് തൽപ്പരകക്ഷികളുടെയോ വിമർശനങ്ങളുടെ മുന്നിൽ ക്രൈസ്തവർ ഭയന്നു പിന്മാറുമെന്ന് വിചാരിക്കേണ്ട. ഉറച്ച നിലപാടുകളുമായി മൂന്നോട്ട് നീങ്ങും, പ്രതികരിക്കേണ്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കും. ക്രൈസ്തവർ എങ്ങനെ ജീവിക്കണമെന്നോ എന്ത് നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവ വിരുദ്ധത വിറ്റു ജീവിക്കുന്നവരല്ല. ക്രൈസ്തവ വിരുദ്ധരെ തങ്ങളുടെ പാർട്ടിയിലെ മുഖങ്ങളായി എടുത്തു കൊണ്ട് ക്രൈസ്തവ പ്രാതിനിധ്യം അവകാശപ്പെടുന്ന പാർട്ടികൾ നിരാശപ്പെടേണ്ടി വരും.  

വർത്തമാന ഇന്ത്യയുടെ മത–രാഷ്ട്രീയ വെല്ലുവിളി കളുടെ സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ തമ്മിൽ കൂടുതൽ യോജിപ്പ് ഉണ്ടാകണം. അവകാശ നിഷേധങ്ങളുടെയും വിവേചനങ്ങളുടെയും കാലത്ത് സഭകൾ ഒരുമിച്ച് നിൽക്കണം.എല്ലാ എതിർപ്പുകളെയും നിശേഷം തള്ളിക്കളഞ്ഞു കൊണ്ട് ക്രൈസ്തവർ കൂടുതൽ സംഘടിക്കണം. എത്രയൊക്കെ വിമർശിച്ചാലും, എത്രയൊക്കെ എതിർത്താലും ക്രൈസ്തവർക്കിടയിൽ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റത്തെ തടയാൻ സാധിക്കില്ല. ക്രൈസ്തവരെ സംബന്ധിച്ച് ഈ ഉണർവ്വ് യഥാർഥത്തിൽ ഒരു ധ്രുവീകരണമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.