ന്യൂഡല്‍ഹി: ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങി പോയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. അതിനിടെ ബില്‍ കീറി എറിഞ്ഞ എഎപി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ഈ സഭാ സമ്മേളന കാലം കഴിയും വരെ സസ്‌പെന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ അവതരിപ്പിച്ചത്. ഇറങ്ങിപ്പോകുന്നതിനിടെ റിങ്കു ബില്‍ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അവതരിപ്പിച്ച സസ്‌പെന്‍ഷന്‍ പ്രമേയം സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു.
ജനത്തെ സേവിക്കുന്നതിനു പകരം പോരാടാന്‍ മാത്രമായി ഒരു സര്‍ക്കാര്‍ 2015 ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശമല്ല അവര്‍ ലക്ഷ്യമിടുന്നത്. ബംഗ്ലാവുകള്‍ പണിയുന്നതില്‍ ഉള്‍പ്പെടെ അവര്‍ നടത്തുന്ന അഴിമതികള്‍ മറയ്ക്കാന്‍ വിജിലന്‍സ് വകുപ്പിന്റെ നിയന്ത്രണം കൈയടക്കുകയാണെന്ന് അമിത് ഷാ ബില്‍ അവതരിപ്പിക്കവേ വിമര്‍ശിച്ചു.
ബില്ലിനെ കുറിച്ചു സംസാരിക്കവേ, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, രാജഗോപാല്‍ ആചാരി, രാജേന്ദ്ര പ്രസാദ്, ഡോ. ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയവര്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നതായും അമിത് ഷാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.