കേന്ദ്രം കനിയില്ല: ഓണച്ചെലവിന് 8000 കോടി കേരളത്തില്‍ നിന്ന് സമാഹരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രം കനിയില്ല: ഓണച്ചെലവിന് 8000 കോടി കേരളത്തില്‍ നിന്ന് സമാഹരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാലത്ത് കേന്ദ്രത്തില്‍ നിന്ന് നയാപൈസ കിട്ടില്ലെന്ന് വ്യക്തമായതോടെ സംസ്ഥാനത്ത് നിന്നുതന്നെ പണം സമാഹരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഓണക്കച്ചവടം നടന്നാലെ സര്‍ക്കാരിന് വരുമാനം കൂടുകയുള്ളൂ. അതിനായി ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി വിപണി സജീവമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയാലുടന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കും.

പതിനായിരം കോടി അധികമായി വേണം. 8000 കോടിയെങ്കിലും കേരളത്തില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമം. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ഇതിനായി ആശ്രയിക്കും. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ഓണവേളകളില്‍ 15000കോടി മുതല്‍ 20000കോടിയോളം രൂപവരെ ചെലവഴിച്ചിരുന്നു. ക്ഷേമപെന്‍ഷനും ബോണസിനും ഉത്സവ അഡ്വാന്‍സിനും പുറമേ, വിപണി ഇടപെടലിനും വേണ്ടിയാണ് ഇത്രയും ചെലവഴിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പ നിയന്ത്രിക്കുകയും ബഡ്ജറ്റ് ഇതര വായ്പകളും പൊതുവായ്പാ പരിധിയില്‍ പെടുത്തുകയും ചെയ്തതോടെ സാമ്പത്തിക സ്ഥിതി ഞെരുക്കത്തിലാവുകയായിരുന്നു. കേന്ദ്ര ഗ്രാന്റുകളും നികുതി വിഹിതവും വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തുകയും ചെയ്തതോടെ പണം കണ്ടെത്താന്‍ വഴിയില്ലാത്ത സ്ഥിതിയിലായി. ജി.എസ്.ടി വന്നതോടെ നികുതികൂട്ടിയും മറ്റും സ്വന്തമായി വരുമാനം വര്‍ധിപ്പിക്കാനുള്ള വഴിയും അടഞ്ഞിരുന്നു.

ഈ വര്‍ഷം ഡിസംബര്‍ വരെ 15390 കോടിയുടെ വായ്പയെടുക്കാനാണ് അനുമതിയുളളത്. 14500 കോടി ഇതിനകം എടുത്തുകഴിഞ്ഞു.ഇനി ഡിസംബര്‍ വരെ അഞ്ച് മാസത്തേക്ക് ശേഷിക്കുന്ന വായ്പാ ലഭ്യത 890 കോടി മാത്രമാണ്.

ജി.ഡി.പിയുടെ ഒരു ശതമാനം അധികം വായ്പയെടുക്കാന്‍ താല്‍ക്കാലിക അനുമതിയോ, അടിയന്തിരമായി ഹസ്വകാല സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ ഇന്നലെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്തെ വിപണിയില്‍ 35% സാമ്പത്തിക ഇടപാടും നടക്കുന്നത് ഓണക്കാലത്താണ്. സ്വര്‍ണം, വസ്ത്രം, ചെരുപ്പ്, മദ്യം, ലോട്ടറി, ഫ്രിഡ്ജ്, ടി.വി, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയടക്കം ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത് ഓണത്തിനാണ്.

ടൂറിസം,ഗതാഗതം തുടങ്ങിയ മേഖലകള്‍ സജീവമാകുന്ന സമയവും ഇതാണ്. മൊത്തം 30000 കോടി മുതല്‍ 40000 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഓണക്കാലത്ത് നടക്കുന്നത്. ശമ്പളം, അഡ്വാന്‍സ്, ബോണസ്, ഉല്‍സവബത്ത, സാമൂഹ്യപെന്‍ഷന്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് സര്‍ക്കാര്‍ വിപണിയെ സജീവമാക്കുന്നത്. ഓണക്കിറ്റ് നല്‍കിയാല്‍, സര്‍ക്കാരിന് നികുതി കിട്ടാത്ത അരി, പച്ചക്കറി, പലചരക്ക് തുടങ്ങിവ വാങ്ങാന്‍ ജനങ്ങള്‍ പണം ചെലവഴിക്കില്ല. പകരം നികുതി ഈടാക്കുന്ന ആഡംബര വസ്തുക്കളും മറ്റും വാങ്ങാന്‍ വിനിയോഗിക്കും. 12 മുതല്‍ 18% വരെ നികുതിയാണ് സര്‍ക്കാരിന് കിട്ടുന്നത്.

ഓണകിറ്റ് നല്‍കാന്‍ 500 കോടി വേണ്ടി വരില്ല. എന്നാല്‍ നികുതിയായി കിട്ടുന്നത് 1400 കോടിയിലേറെ രൂപയാണ്. ഇതിനായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 60 ലക്ഷം പേര്‍ക്കാണ് സാമൂഹ്യ പെന്‍ഷന്‍ കിട്ടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും ശമ്പളവുമായി 15ലക്ഷം പേര്‍ക്കും അധിക വരുമാനം കിട്ടും. 90 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.