ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയും കടന്നു; പാസായത് 102 നെതിരെ 131 വോട്ടുകള്‍ക്ക്

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയും കടന്നു; പാസായത് 102 നെതിരെ 131 വോട്ടുകള്‍ക്ക്

ന്യൂഡല്‍ഹി: ലോക്‌സഭയ്ക്ക് പിന്നാലെ ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലില്‍ രാജ്യസഭയിലും പാസാക്കി. 131 പേര്‍ പിന്തുണച്ചപ്പോള്‍ 102 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങള്‍ക്ക് സ്ലിപ് നല്‍കിയായിരുന്നു വോട്ടെടുപ്പ്.

പ്രതിപക്ഷത്ത് നിന്നുയര്‍ന്ന വിമര്‍ശനങ്ങളെയും എതിര്‍ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്. സുപ്രീം കോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ഡല്‍ഹി ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹിയുടെ വികസനത്തിന് സഹായകരമാകുന്ന നിലയില്‍ അഴിമതിയില്ലാത്ത പ്രദേശമായി മാറ്റുന്നതാണ് ബില്ല്.

ഡല്‍ഹിയുടെ അധികാരം കേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നതല്ല ബില്ല്. ഡല്‍ഹിയില്‍ നിയമ നിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ട്. അധികാരത്തിനായി ഡല്‍ഹി മുഖ്യമന്ത്രിമാര്‍ ഒരു കാലത്തും കേന്ദ്രത്തോട് പോരാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു ബില്‍ പാസാക്കാന്‍ ഭരണഘടനാപരമായ അധികാരമോ ധാര്‍മിക അവകാശമോ സര്‍ക്കാരിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുറ്റപ്പെടുത്തി. 25 വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ ബിജെപി ജയിച്ചത്.

ഡല്‍ഹിയുടെ ഭരണം മന്ത്രിമാര്‍ക്കാണെന്ന് കൃത്യമായി ഭരണഘടനയിലുണ്ട്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ അവകാശം കവരാനുള്ള ശ്രമമാണ് ഇതെന്ന് അവര്‍ക്ക് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് എല്ലായിടത്തും അധികാര വികേന്ദ്രീകരണം നടക്കുമ്പോള്‍ ഇന്ത്യയില്‍ നേരെ വിപരീതമാണ് കാര്യങ്ങളെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ വിമര്‍ശിച്ചു.

ഒരു ദിവസം ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകും. പശ്ചാപത്തിക്കുന്ന ദിവസങ്ങളാകും ബിജെപിക്ക് വരുക. 'ഇന്ത്യ' അധികാരത്തില്‍ വരുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന് പൂര്‍ണ അധികാരം നല്‍കുമെന്നും തിരുച്ചി ശിവ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.