ആത്മീയ ഹര്‍ഷാരവങ്ങള്‍ നിലയ്ക്കാതെ ലിസ്ബണിന്റെ തെരുവുകള്‍; യുവജങ്ങള്‍ക്കൊപ്പം വീണ്ടുമൊരു യുവാവായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ആത്മീയ ഹര്‍ഷാരവങ്ങള്‍ നിലയ്ക്കാതെ ലിസ്ബണിന്റെ തെരുവുകള്‍; യുവജങ്ങള്‍ക്കൊപ്പം വീണ്ടുമൊരു യുവാവായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ജോസ്‌വിന്‍ കാട്ടൂര്‍

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന ലോക യുവജന ദിനാഘോഷങ്ങള്‍ക്ക് തിരശീല വീണെങ്കിലും കഴിഞ്ഞ ആറു ദിവസങ്ങളായി നഗരത്തില്‍ ഉയര്‍ന്നു കേട്ട ആത്മീയ ഹര്‍ഷാരവങ്ങള്‍ ഇനിയും നിലച്ചിട്ടില്ല. യുവജന സാഗരമായി മാറിയ ലിസ്ബണ്‍ തെരുവുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുതുടങ്ങി. ലോക യുവജന സംഗമത്തിന്റെ ഒരു അധ്യായം ഇവിടെ അവസാനിച്ചെങ്കിലും, ഒരുപാട് പുത്തന്‍ അനുഭവങ്ങളും ദീപ്ത സ്മരണകളുമായിട്ടാണ് യുവ തീര്‍ത്ഥാടകര്‍ തങ്ങളുടെ ദേശങ്ങളിലേക്കും ഭവനങ്ങളിലേക്കും മടങ്ങുന്നത്.

ആദ്യ ദിവസം മുതല്‍ തന്നെ ലിസ്ബണിന്റെ തെരുവുകളില്‍ ഉയര്‍ന്നു വീശിയ ആവേശ കൊടുങ്കാറ്റ് ഫ്രാന്‍സിസ് പാപ്പായുടെ വരവോടെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. പിന്നീടൊരിക്കലും അത് അടങ്ങുകയോ മന്ദീഭവിക്കുകയോ ചെയ്യാതെ, അവസാന നിമിഷം വരെ ആ നിലയില്‍ തുടര്‍ന്നു. പാപ്പായുടെ വരവോടു കൂടി എല്ലാ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒരൊറ്റ ജനമായി മാറുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍, ലിസ്ബണിന്റെ തെരുവുകള്‍ ലോകത്തിന്റെ തെരുവുകളായി മാറി. പരിശുദ്ധ പിതാവിനോടൊപ്പം ചിലവിട്ട ഓരോ നിമിഷവും അവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. ഓരോരുത്തര്‍ക്കും പാപ്പാ തന്നോട് നേരിട്ട് സംസാരിക്കുന്ന പ്രതീതിയാണ് ഉണ്ടായത്.

ഫ്രാന്‍സിസ് പാപ്പായുടെ ഈ ദിവസങ്ങളിലെ സന്ദേശങ്ങളെല്ലാം തന്നെ പ്രത്യാശയും സ്‌നേഹവും കേന്ദ്രീകരിച്ചുള്ളതായിരുന്നു. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും പാപ്പാ യുവജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി.

സഭയില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ടെന്ന് പാപ്പാ അവരെ ഓര്‍മ്മിപ്പിക്കുകയും 'എല്ലാവര്‍ക്കും' എന്ന വാക്ക് ഒരു മുദ്രാവാക്യം പോലെ എട്ടു ലക്ഷത്തിലധികം വരുന്ന യുവജന സഞ്ചയത്തെക്കൊണ്ട് പലയാവര്‍ത്തി ഏറ്റുപറയിക്കുകയും ചെയ്തു. യുദ്ധം, ദാരിദ്ര്യം, വിവിധ തരത്തിലുള്ള അക്രമങ്ങള്‍, മറ്റു നശീകരണ ശക്തികള്‍ എന്നിവ മൂലമുള്ള തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള അനേകായിരം യുവജനങ്ങള്‍ക്ക്, അവര്‍ ഏറ്റുപാടിയ ഈ വാക്കുകള്‍ നല്‍കിയ ആശ്വാസവും നവോന്മേഷവും ചെറുതല്ലായിരുന്നു.

വീണുപോകാന്‍ സാധ്യതയുള്ള കാലഘട്ടമാണ് യുവത്വമെന്ന് പാപ്പാ അവരെ ഓര്‍മ്മപ്പെടുത്തി. എന്നാല്‍ സ്‌നേഹിക്കുന്ന ദൈവത്തിന്റെ കരുതലില്‍ ആശ്രയിച്ചുകൊണ്ട് വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും മറ്റുള്ളവരെ എഴുന്നേല്‍പ്പിക്കാനും ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തു അനുയായികള്‍ എന്ന് പാപ്പാ അവരോടു പറഞ്ഞു.

ഏതൊരു നല്ല കാര്യത്തിന്റെയും അവസാനം വേദനാജനകമാണ്. ലോക യുവജന ദിനം - 2023 ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. എങ്കിലും വരാനിരിക്കുന്ന രണ്ടു യുവജന സംഗമങ്ങളെ കുറിച്ചുള്ള മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ അത്യധികം ആവേശത്തോടും നീണ്ട കരഘോഷത്തോടെയുമാണ് അവര്‍ വരവേറ്റത്. 2025 ല്‍ റോമില്‍ വച്ച് നടക്കുന്ന യുവജന ജൂബിലിയാഘോഷമാണ് അതില്‍ ആദ്യത്തേത്. തുടര്‍ന്ന്, 2027 ല്‍ ദക്ഷിണ കൊറിയയിലെ സീയൂളില്‍ നടക്കാനിരിക്കുന്ന ലോക യുവജന സമ്മേളനവും. അങ്ങനെ പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് അവര്‍ ഓരോരുത്തരായി ലിസ്ബണ്‍ നഗരത്തോട് വിട പറഞ്ഞുതുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.