മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ നിയമനം:മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ നിയമനം:മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതും മനുഷ്യ നിര്‍മ്മിതവുമായിരുന്നു. അന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാറും ഇത് സംബന്ധിച്ച് പൊതുതാത്പര്യ ഹര്‍ജികളിന്മല്‍ സുവോമോട്ടോ നടപടി സ്വീകരിക്കുകയുണ്ടായി.

സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

കൊവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട സ്വകാര്യ വിവരങ്ങള്‍ സ്പ്രിംഗളര്‍ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു.

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.

ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. കൂടാതെ സര്‍ക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തതെന്നും കത്തില്‍ ആരോപിക്കുന്നു.

ഇക്കാരണങ്ങളാല്‍ തന്നെ അദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആ ശുപാര്‍ശ സ്വീകരിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മാത്രവുമല്ല, മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷന്‍ നാല് അനുസരിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാദ്ധ്യസ്ഥനുമല്ല. ശുപാര്‍ശ തള്ളുന്നത് ഗവര്‍ണറുടെ അധികാര പരിധിയിലുള്ള കാര്യവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.