കോട്ടയം: കമന്ററിയില്ലാത്ത വള്ളം കളികളും കായിക മത്സരങ്ങളുമൊക്കെ സങ്കല്പിക്കാനാവുമോ? വള്ളങ്ങളുടെയും ഫുട്ബോളിന്റേയും വോളിബോളിന്റേയുമൊക്കെ പോരിന്റെ ആവേശം കാണികളിൽ അലതല്ലണമെങ്കിൽ കമന്ററി അനിവാര്യമാണ്. ട്രാക്കിലെ കാഴ്ച വെറുതേ വിവരിക്കുന്നതല്ല കമന്ററി. അതിനൊരു താളമുണ്ട്, വേഗമുണ്ട്, വായ്മൊഴി വഴക്കമുണ്ട്. കളികളെക്കാൾ വേഗത്തിൽ വാക്കുകളും വാചകങ്ങളും കമന്റേറ്ററിൽ നിന്ന് ഒഴുകിയെത്തിയാൽ മാത്രമേ കളിക്കൊരു പൂർണതയുണ്ടാവൂ. അത്തരത്തിൽ കമന്ററികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ചമ്പക്കുളം സ്വദേശിയായ ജോളി എതിരേറ്റ്.
വള്ളംകളി രംഗത്ത് സജീവമായ 20 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഈ രംഗത്തെ മുൻനിരക്കാരായിരുന്ന വി.വി.ഗ്രിഗറിയുടെയും ജോസഫ് ഡി ഇളംകുളത്തിൻറെയും യഥാർത്ഥ പിൻഗാമിയായി ജോളി എതിരേറ്റ് നാടിന്റെ അഭിമാനമായി നിലകൊള്ളുകയാണ്. കായിക രംഗത്ത് വളരെ പ്രശസ്ഥമായ പാരമ്പര്യമുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ജോലിക്കാരനായി എത്തിയത് ജോളിയുടെ കൂടുതൽ മികവുറ്റതാക്കി മാറ്റി.
കോളജിലെ പ്രൊഫ. നൈനാമ്മ തോമസിൻറെയും പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ ജിയ മരിയയുടേയും മറ്റ് പ്രിൻസിപ്പൽമാരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് മികച്ച കമന്റേറിയനായി തന്നെ മാറ്റിയത് എന്ന വിശ്വാസത്തിലാണ് ജോളി.
2004 മുതൽ ചമ്പക്കുളം മൂലം ജലോത്സവത്തിന് ദൃക്സാക്ഷി വിവരണം നല്കി തുടങ്ങിയ ജോളിയെ ജലോത്സവ ദൃക്സാക്ഷി വിവരണത്തിന്റെ നല്ല വശങ്ങൾ പറഞ്ഞു നല്കി പ്രോത്സാഹിപ്പിച്ചത് പ്രശസ്ഥ ദൃക്സാക്ഷി വിവരണക്കാരനായിരുന്ന ശ്രീ.വി.വി.ഗ്രിഗറിയായിരുന്നു. അദ്ദേഹം പകർന്നു നല്കിയ ആത്മവിശ്വാസമാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജലോത്സവങ്ങൾക്ക് ഹൃദ്യമായ വിവരണം നല്കാൻ ജോളിയെ പ്രാപ്തനാക്കിയത്. കഴിഞ്ഞ പതിനെട്ടു വർഷമായി ആൾ ഇന്ത്യാ റേഡിയോക്ക് വേണ്ടിയും, പല ചാനലുകളിലും ദൃക്സാക്ഷി വിവരണം നല്കാൻ ഇദ്ദേഹത്തിന് സാധിച്ചു.
നിരവധി വർഷങ്ങളായി പവിലിയൻ കമന്ററികളും നല്കി വരുന്നു. ഇപ്പോഴും സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ നാട്ടിലെ ചെറുവള്ളംകളികൾക്ക് ദൃക്സാക്ഷി വിവരണത്തിന്റെ ആവേശം നിറയ്ക്കാൻ അദ്ദേഹം എത്താറുണ്ട്. ചമ്പക്കുളം ഫാ: തോമസ് പോരുക്കര സ്കൂളിലെ കായിക മത്സരങ്ങളുടേയും, ടൂർണമെൻറുകളുടേയും പ്രധാന വിവരണക്കാരൻ ശ്രീ.ജോളി എതിരേറ്റ് തന്നെയാണ്.
കണ്ണൂർ, കാസർകോഡ്, ബേപ്പൂർ, നിലമ്പൂർ തുടങ്ങിയ മലബാർ പ്രദേശങ്ങളിൽ നിരവധി വർഷങ്ങളായി സ്ഥിരമായി ദൃക്സാക്ഷി വിവരണ നല്കി വരുന്ന ജോളിക്ക് 2019ലെയും 2022 ലേയും സി.ബി.എൽ മത്സരങ്ങൾക്കും വിവരണം നല്കാൻ അവസരം ലഭിച്ചു. വീണ്ടും ഒരു വള്ളംകളിക്കാലം കൂടി എത്തിയിരിക്കുന്നു. കാണികളെ ആർത്തിരമ്പിപ്പിക്കുന്ന ആ മാസ്മരിക ശബ്ദത്തിനായി കാത്തിരിക്കാം...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.