ഭൂമിക്ക് മഴ എന്നതു പോലെ ലോകത്തിന് യുവജനങ്ങളുടെ പ്രേക്ഷിതത്വം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ

ഭൂമിക്ക് മഴ എന്നതു പോലെ ലോകത്തിന് യുവജനങ്ങളുടെ പ്രേക്ഷിതത്വം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ

ലിസ്ബണ്‍: ഭൂമിക്ക് മഴ ആവശ്യമുള്ളതുപോലെ ലോകത്തിന് യുവജനങ്ങളുടെ പ്രേക്ഷിതത്വം അനിവാര്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. വലിയ സ്വപ്നങ്ങള്‍ കാണുകയും എന്നാല്‍ അവ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഭയപ്പെടുകയും തങ്ങളുടെ ശ്രമങ്ങള്‍ ഒന്നിനും പര്യാപ്തമല്ലെന്ന് ചിന്തിക്കുകയും അശുഭാപ്തിവിശ്വാസത്താല്‍ ജീവിക്കുകയും ചെയ്യുന്ന യുവാക്കളോട് ഭയപ്പെടരുതെന്നും മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു. 'ഭയപ്പെടേണ്ട' എന്ന് ഹൃദയത്തില്‍ നിശബ്ദമായി ആവര്‍ത്തിക്കാന്‍ പാപ്പ അവരെ ഓരോരുത്തരെയും പ്രോല്‍സാഹിപ്പിച്ചു.

ലിസ്ബണില്‍ ഓഗ്‌സ്റ്റ് ഒന്നു മുതല്‍ ആറു ദിവസങ്ങളിലായി നടന്ന ലോക യുവജന ദിനത്തിന്റെ സമാപന ദിനമായ ഞായറാഴ്ച്ച അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു പാപ്പ. യുവജനങ്ങളും വിശ്വാസികളുമായി 1.5 ദശലക്ഷം പേരാണ് അന്ന് ദിവ്യബലിയില്‍ പങ്കെടുത്തത്.

ഞായറാഴ്ച (06/08/23) രൂപാന്തരീകരണത്തിരുന്നാള്‍ ആയിരുന്നതിനാല്‍ ക്രിസ്തുവിന്റെ മലമുകളിലെ രൂപാന്തരീകരണ വേളയെ പശ്ചാത്തലമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. പ്രശോഭിക്കുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക എന്നീ മൂന്നു കാര്യങ്ങളാണ് പാപ്പ വിശദീകരിച്ചത്. സ്വയം പ്രകാശിക്കാനും ശ്രവിക്കാനും ഭയപ്പെടാതിരിക്കാനും യുവജനങ്ങള്‍ക്കു കഴിയണമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന സ്ഥലം എന്നര്‍ത്ഥം വരുന്ന താബോര്‍ മലയില്‍ വച്ച് യേശുവിന്റെ രൂപാന്തരീകരണ വേളയില്‍ പത്രോസ് ശ്ലീഹാ പറഞ്ഞ വാക്യത്തോടെയാണ് പാപ്പ തന്റെ വിചിന്തനം ആരംഭിച്ചത്. 'കര്‍ത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്' (മത്തായി 17,4).

യേശുവിനൊപ്പം സഞ്ചരിച്ച കൃപയുടെ ഈ നാളുകള്‍ക്ക് ശേഷം ദൈനംദിന ജീവിതത്തിന്റെ താഴ്വരയിലേക്ക് മടങ്ങുമ്പോള്‍ നാം എന്താണ് കൊണ്ടുപോകുന്നത് എന്ന് സ്വയം ചോദിക്കാന്‍ പരിശുദ്ധ പിതാവ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്നത്തെ സുവിശേഷത്തെ അവലംബമാക്കി, ഈ ചോദ്യത്തിന്റെ ഉത്തരം മൂന്ന് കാര്യങ്ങളാണ്. വിളങ്ങുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക.

'ക്രിസ്തു പ്രിയ ശിഷ്യരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ ഒരു ഉയര്‍ന്ന മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ പ്രാര്‍ത്ഥിക്കവെ അവിടുത്തെ മുഖം തേജസാര്‍ന്നു. സൂര്യനെപ്പോലെ പ്രശോഭിച്ചു. വസ്ത്രം വെണ്മയാര്‍ന്നു'.

ഈ സുവിശേഷ ഭാഗം മാര്‍പ്പാപ്പ വിശദീകരിച്ചു - 'ജീവിതത്തില്‍ നമ്മെ നിരാശയിലാഴ്ത്തുന്ന അന്ധകാരത്തെ നേരിടാന്‍ പ്രത്യാശയുടെ വെളിച്ചം ആവശ്യമാണ്, ആ വെളിച്ചം ക്രിസ്തുവാണ്. അവിടുന്ന് ഒരിക്കലും അസ്തമിക്കാത്ത, രാത്രിയിലും അണയാത്ത പ്രകാശമാണ്. യേശുവാണ് നമ്മുടെ കണ്ണുകളെയും ഹൃദയത്തെയും മനസിനെയും പ്രകാശിപ്പിക്കുന്നത്. ക്രിസ്തുവിനാല്‍ പ്രകാശിതരായി നാം രൂപാന്തരം പ്രാപിക്കുന്നു.

യേശുവിനെ സ്വാഗതം ചെയ്യുമ്പോള്‍, അവനെപ്പോലെ സ്‌നേഹിക്കാന്‍ നാം പഠിക്കുന്നു. യേശുവിനെപ്പോലെ സ്‌നേഹിക്കുമ്പോള്‍ നാം പ്രകാശിതരാകുന്നു. അത് നമ്മെ സ്‌നേഹത്തിന്റെ പ്രവൃത്തികളിലേക്ക് നയിക്കുന്നു'.

സഭയും ലോകവും യുവജനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്: നിങ്ങള്‍ സുവിശേഷത്തിന്റെ വെളിച്ചം എല്ലായിടത്തും എത്തിക്കുകയും അന്ധകാരത്തില്‍ പ്രത്യാശയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുകയും ചെയ്യുന്ന പ്രഭാപൂരിതരായ യുവജനങ്ങളായിരിക്കണമെന്ന്'!

അതേസമയം, ബാഹ്യമായ വെള്ളിവെളിച്ചത്തില്‍ നാം പ്രശോഭിതരാകുന്നില്ലെന്ന് മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി. മറിച്ച് യേശുവിനെ സ്വീകരിക്കുകയും അവിടുത്തേപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുകയും ചെയ്യുമ്പോഴാണ് നാം തിളങ്ങുന്നത്, കാരണം അതാണ് യഥാര്‍ത്ഥ സൗന്ദര്യം.

കേള്‍ക്കുക എന്ന രണ്ടാമത്തെ കാര്യത്തിലേക്കും പാപ്പ ശ്രദ്ധ ക്ഷണിച്ചു. മലമുകളില്‍ ശോഭയേറിയ ഒരു മേഘം ശിഷ്യന്മാരെ ആവരണം ചെയ്യുകയും യേശു പ്രിയപുത്രനാണെന്നു സൂചിപ്പിക്കുന്ന പിതാവിന്റെ ശബ്ദം മുഴങ്ങുകയും ചെയ്യുന്നു. ഈ സമയം പിതാവ് നല്‍കുന്ന കല്‍പ്പന 'അവനെ ശ്രവിക്കുക' (മത്തായി 17:5) എന്നതാണ്. ഇതില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ക്രിസ്തീയ ജീവിതത്തില്‍ ചെയ്യേണ്ടതെല്ലാം ഈ വാക്കുകളിലടങ്ങിയിരിക്കുന്നു... യേശുവിനെ ശ്രവിക്കുക, സംവദിക്കുക, കാരണം അവന്റെ പക്കല്‍ നമുക്കായി നിത്യജീവന്റെ വാക്കുകള്‍ ഉണ്ട്; ദൈവം പിതാവും സ്‌നേഹവുമാണെന്ന് അവന്‍ വെളിപ്പെടുത്തുന്നു. സ്‌നേഹത്തിലേക്കുള്ള പാത അവിടുന്ന് നമ്മെ കാണിച്ചു തരുന്നു.

അവനവനെക്കുറിച്ചുമാത്രം ചിന്തിക്കുന്ന, സ്വയം സൃഷ്ടിക്കുന്ന ഏകാന്തതയില്‍ തളച്ചിടുന്ന ഒരു ലോകത്തില്‍, യേശുവിനെ ശ്രവിക്കുകയും പരസ്പരം കേള്‍ക്കുകയും സംഭാഷണത്തില്‍ വളരുകയും ചെയ്യുന്നത് എത്ര മനോഹരമാണ് - പാപ്പ ചൂണ്ടിക്കാട്ടി.

ഭയപ്പെടാതിരിക്കുക എന്നതാണ് അവസാന കാര്യം - പേടിച്ചരണ്ട ശിഷ്യന്മാര്‍ക്ക് ധൈര്യം പകരുന്നതിനായി യേശു മലയില്‍വച്ച് ഉച്ചരിക്കുന്ന അവസാന വാക്കുകളാണിത്: 'എഴുന്നേല്‍ക്കൂ, ഭയപ്പെടേണ്ടാ' (മത്തായി 17:7). ലോകത്തെ മാറ്റിമറിക്കാനും നീതിക്കും സമാധാനത്തിനും വേണ്ടി പോരാടാനും ആഗ്രഹിക്കുന്ന യുവത്വമേ നിങ്ങള്‍ ഭയപ്പെടരുത് - പാപ്പ തുടര്‍ന്നു.

ഞാന്‍ നിങ്ങളോട് വളരെ മനോഹരമായ ഒരു കാര്യം പറയാം: ഇനി ഞാനല്ല, ഈ നിമിഷത്തില്‍ നിങ്ങളെ നോക്കുന്നത് യേശു തന്നെയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയം അവനറിയാം, ജീവിതം അവനറിയാം, സന്തോഷങ്ങള്‍ അവനറിയാം, സങ്കടങ്ങളും വിജയങ്ങളും പരാജയങ്ങളും അവനറിയാം. ഈ ലോക യുവജന ദിനത്തില്‍ അവിടുന്ന് നിങ്ങളോട് പറയുന്നു: 'ഭയപ്പെടരുത്, ഭയപ്പെടരുത്, ധൈര്യപ്പെടുക - പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.