തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് നിയമവിരുദ്ധമായാണ്. ഇന്ന് കേരളത്തില്‍ ഓര്‍ഗനൈസ്ഡ് കൊള്ളയും ഇന്‍സ്റ്റിറ്റിയൂഷണലൈസ്ഡ് കറപ്ഷനുമാണ് നടക്കുന്നത്. മകള്‍ നടത്തിയ ക്രമക്കേടില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
എക്സാ ലോജിക് കമ്പനി വാങ്ങിയ പണത്തേക്കാള്‍ കൂടുതല്‍ പണം പിണറായി വിജയന്റെ മകള്‍ വീണ വ്യക്തിപരമായി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ച് മറുപടി പറയേണ്ടത് ആ വ്യക്തിയാണ്. ആ വ്യക്തി എന്നു പറയുന്നത് മുഖ്യമന്ത്രിയുടെ മകളാണെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് നിങ്ങളുടെ മകള്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസാമാസം പണം വാങ്ങിയതെന്ന് സ്വാഭാവികമായും കേരളത്തിലെ പൊതുസമൂഹം മുഖ്യമന്ത്രിയോട് ചോദ്യം ഉയര്‍ത്തും. തങ്ങള്‍ വീണയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ടുകള്‍.
നല്‍കാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി 1.72 കോടി രൂപ വാങ്ങിയത്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മൂന്നു വര്‍ഷമായി മാസപ്പടി ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് വ്യക്തമാക്കുന്നു.
2019 ജനുവരി 25 ന് സിഎംആര്‍എലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ നല്‍കിയതിന്റെ തെളിവുകള്‍ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ് സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഭിച്ചത്. സിഎംആര്‍എല്ലുമായി വീണയും എക്സാ ലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഈ പരിശോധനയില്‍ ലഭിച്ചു.
2013-14 മുതല്‍ 2019-20 വരെയുള്ള നികുതിയടവ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കമ്പനിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി വന്‍തോതില്‍ നികുതി വെട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സിഎംആര്‍എല്ലും ശശിധരന്‍ കര്‍ത്തായും 2020 നവംബറില്‍ നല്‍കിയ സെറ്റില്‍മെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂണ്‍ 12ന് ബോര്‍ഡ് ഉത്തരവിട്ടത്.
വീണയും വീണയുടെ സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എല്ലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍ കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്താ ആദായ നികുതി വകുപ്പിനു മൊഴി നല്‍കി.
2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായ നികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായനികുതി വകുപ്പിനു കഴിഞ്ഞെന്ന് സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കി. ഇതോടെ വീണയ്ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.
വീണയില്‍ നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ ലഭിക്കാന്‍ 2016 ഡിസംബറിലും സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ക്കായി എക്സാലോജിക്കുമായി 2017 മാര്‍ച്ചിലും സിഎംആര്‍എല്‍ കരാറുണ്ടാക്കി. കരാര്‍പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങള്‍ക്കും അറിയില്ലെന്ന് സിഎംആര്‍എലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ് സുരേഷ്‌കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്‌കുമാറും മൊഴി നല്‍കി. മൊഴി പിന്‍വലിക്കാനായി കര്‍ത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചെങ്കിലും നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നല്‍കിയതെന്ന വാദത്തില്‍ ആദായനികുതി വകുപ്പ് ഉറച്ച് നിന്നു.
ആദായനികുതി നിയമത്തിലെ 245എ.എ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ്. ഇവരുടെ തീരുമാനം അന്തിമമാണ്. അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നല്‍കുന്ന സെറ്റില്‍മെന്റ് അപേക്ഷയാണ് ബോര്‍ഡ് പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.